Photo: ANI
ന്യൂഡല്‍ഹി: ചേതന്‍ ശര്‍മ തലവനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ജൂണ്‍ 15 ന് അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ കൂടുതലും യുവതാരങ്ങളാണ്. എന്നാല്‍ ടീം സെലക്ഷനെതിരേ ആരാധകര്‍ പലരും രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളായ ശിഖര്‍ ധവാനെ ടീമിലെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആരാധകര്‍ രംഗത്തെത്തിയത്.
അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ രണ്ടാം നിര ടീമാണ് അണിനിരക്കുന്നത്. ഇന്ത്യയുടെ ഫസ്റ്റ് ഇലവന്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കായി ലണ്ടനിലേക്ക് പറന്നു. എന്നാല്‍ ഈ രണ്ട് ടീമിലും ധവാന്റെ പേരില്ല. സമീപകാലത്തായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ധവാന്റെ പേര് ഉള്‍പ്പെടുത്താത്ത ബി.സി.സി.ഐയുടെ തീരുമാനം ശരിയല്ലെന്നാണ് പലരും പറയുന്നത്.
ഈയിടെ അവസാനിച്ച ഐ.പി.എല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് 460 റണ്‍സാണ് ധവാന്‍ അടിച്ചെടുത്തത്. മികച്ച ഫോം പുറത്തെടുത്തിട്ടും ധവാന്‍ ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലിടം നേടിയില്ല. നായകനാകാന്‍ യോഗ്യതയുള്ള ധവാനെ തഴഞ്ഞ് ഋഷഭ് പന്തിനെയാണ് സെലക്ടര്‍മാര്‍ നായകനാക്കിയത്.
2018 ഐ.പി.എല്‍ മുതല്‍ ധവാന്‍ സ്ഥിരതയോടെ കളിക്കുന്ന താരമാണെന്ന് തെളിവുകള്‍ സഹിതം ആരാധകര്‍ നിരത്തുന്നുണ്ട്. 497, 521, 618, 587 എന്നിങ്ങനെയാണ് 2018 മുതല്‍ 2021 വരെ ധവാന്‍ ഐ.പി.എല്ലില്‍ നേടിയ റണ്‍സ്. ധവാന്‍ ഉടന്‍ തന്നെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..