കേപ്ടൗണ്‍: പാകിസ്താനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ആതിഥേയരായ സൗത്ത് ആഫ്രിക്കയ്ക്ക് 17 റണ്‍സിന്റെ വിജയം. ആവേശം നിറഞ്ഞ മത്സരത്തില്‍ അവസാന ഓവറുകളില്‍ മികച്ച ബൗളിങ് പുറത്തെടുത്ത് സൗത്ത് ആഫ്രിക്ക മൂന്നുമത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലാക്കി. ആദ്യ ഏകദിനത്തില്‍ പാകിസ്താന്‍ വിജയിച്ചിരുന്നു. സ്‌കോര്‍: സൗത്ത് ആഫ്രിക്ക 50 ഓവറില്‍ ആറിന് 341. പാകിസ്താന്‍ 50 ഓവറില്‍ ഒ്ന്‍പത് വിക്കറ്റിന് 324

193 റണ്‍സെടുത്ത പാകിസ്താന്‍ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ഫഖര്‍ സമാന്റെ തകര്‍പ്പന്‍ പ്രകടനമാണ് മത്സരത്തിലെ പ്രധാന സവിശേഷത. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. നാല് ബാറ്റ്‌സ്മാന്‍മാര്‍ അര്‍ധശതകം കണ്ടെത്തിയതോടെ ടീം സ്‌കോര്‍ 341-ല്‍ എത്തി. 92 റണ്‍സെടുത്ത നായകന്‍ ടെംപ ബാവുമ, 80 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്ക്, 60 റണ്‍സ് നേടിയ വാന്‍ ഡെര്‍ ഡ്യൂസന്‍ എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ ആളിക്കത്തിയ ഡേവിഡ് മില്ലറാണ് സൗത്ത് ആഫ്രിക്കന്‍ സ്‌കോര്‍ 340 കടത്തിയത്. വെറും 27 പന്തുകളില്‍ നിന്നും 50 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വേണ്ടി ഫഖര്‍ അല്ലാതെ മറ്റൊരു താരത്തിനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 155 പന്തുകളില്‍ നിന്നും 18 ഫോറുകളുടെയും 10 സിക്‌സുകളുടെയും അകമ്പടിയോടെ 193 റണ്‍സാണ് താരം അടിച്ചെടുത്തത്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താനെ ഫഖര്‍ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു. നേരത്തേ ഏകദിനത്തില്‍ ഒരു ഇരട്ട സെഞ്ചുറി സ്വന്തമാക്കിയ ഫഖറിന് അര്‍ഹിച്ച ഇരട്ട സെഞ്ചുറിയാണ് നഷ്ടമായത്. ഫഖറാണ് മത്സരത്തിലെ താരം.

സൗത്ത് ആഫ്രിക്കയ്ക്കായി ആന്റിച്ച് നോര്‍കേ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫെലുക്വായോ രണ്ട് വിക്കറ്റ് നേടി. പരമ്പരയിലെ മൂന്നാം മത്സരം ഏപ്രില്‍ ഏഴിന് നടക്കും.

Content Highlights: Fakhar Zaman's 193 in vain as South Africa beat Pakistan by 17 runs in 2nd ODI