ര്‍ദാന്‍. മഹാഗുരു പീര്‍ മര്‍ദാന്‍ ഷായുടെ പട്ടണം. പാകിസ്താന്റെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മര്‍ദാന് ശാന്തനായിരിക്കുന്ന സൂഫിവര്യരുടെ ചേലാണ്. ഇവിടെ നിന്ന് പതിനാറാം വയസ്സിൽ അധോലോകം വാഴുന്ന കറാച്ചിയിലേക്ക് തിരിക്കുമ്പോള്‍ ഫഖര്‍ സമാന്റെ ബാഗില്‍ ഉപ്പ നല്‍കിയ തസ്ബീഹ് (ജപമാല) മാലയുണ്ടായിരുന്നു.

കറാച്ചിയിലെ പാകിസ്താന്‍ നേവി സ്‌കൂളിലെ ജീവിതം കുഞ്ഞു ഫഖറിന് കരച്ചിൽ നിറഞ്ഞതായിരുന്നു. തട്ടു തട്ടായി തിരിച്ച ബെര്‍ത്തുകളില്‍ കൂട്ടുകാര്‍ക്കൊപ്പം ഉറങ്ങുന്ന ഫഖര്‍ രാത്രികളില്‍ ഞെട്ടിയുണര്‍ന്ന് പൊട്ടിക്കരയും. അന്നേരം ഉപ്പ നല്‍കിയ തസ്ബീഹ് മാലയില്‍ ആശ്വാസം കണ്ടെത്തിയിരുന്ന അവന്‍ മര്‍ദാന്‍ പട്ടണത്തെപോലെ എപ്പോഴും ഏകനും മൗനിയുമായിരുന്നു.

ആത്മവിശ്വാസം കുറഞ്ഞ ഫഖറിനെ ഊര്‍ജസ്വലനാക്കാന്‍ ആദ്ധ്യാപകന്‍ അസം ഖാന്‍ കണ്ടെത്തിയ വഴി അവനെ വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ് കളിക്കാന്‍ കൂട്ടുക എന്നതായിരുന്നു. ഇടംകയ്യില്‍ ബാറ്റ് പിടിപ്പിച്ച അസം ഖാനെപോലും അമ്പരപ്പിച്ച് ഫഖര്‍ വളര്‍ന്നു. പാകിസ്താന്‍ ദേശീയ ടീമില്‍, കളിച്ച മൂന്നു മത്സരങ്ങളിലും ടീമിന്റെ വിജയങ്ങളില്‍ സുപ്രധാന പങ്ക്, ടീം ഫൈനലില്‍.

കലാശക്കളിക്ക് ഓവലില്‍ എത്തിയ ഫഖര്‍ പരിശീലനത്തിനിറങ്ങി മൂന്നു പന്ത് മാത്രം നേരിട്ട് നെറ്റ്സില്‍ ക്ഷീണിതനായി വീണു. ശരീരത്തില്‍ നിന്ന് കരുത്തും മനസ്സില്‍ നിന്ന് ആത്മവിശ്വാസവും ചോര്‍ന്നുപോകുന്നതായി കോച്ചിനോട് പരാതിപ്പെട്ടു. ഫഖറിനോട് ഡ്രസിങ് റൂമില്‍പോയി വിശ്രമിക്കാന്‍ നിര്‍ദേശിച്ച കോച്ച് കൂട്ടായി ഫിസിയോ ഷൈന്‍ ഹെയ്സിനെയും വിട്ടു.

fakhar zaman
ഫഖര്‍ നേവിയിലായിരുന്നപ്പോള്‍

മന:ശാസ്ത്രത്തിലും കഴിവ് തെളിയിച്ച ഹെയ്സ് ഫഖറിന് ആദ്യം നല്‍കിയ മരുന്ന് തന്റെ പഴയ കോച്ച് അസം ഖാന്റെ ഒരു ഫോണ്‍കോൾ ആയിരുന്നു. രാത്രിയില്‍ ഉറക്കമില്ലാതെ വലഞ്ഞ താരത്തിന് അത്താഴശേഷമുള്ള മരുന്നായി ഹെയ്സ് നല്‍കിയത് തസ്ബീഹ് മാല. പിന്നീടുള്ളതിന് നമ്മള്‍ ടെലിവിഷനിലൂടെ ദൃക്‌സാക്ഷികളായി.

ഉറക്കത്തില്‍പോലും സെഞ്ചുറി അടിക്കാന്‍ കെല്‍പുള്ള ക്വിന്റണ്‍ ഡികോക്ക്, അസാധ്യമായ ലക്ഷ്യങ്ങളിലേക്ക് സംഭ്രമമില്ലാതെ ബാറ്റുമായി കയറിപ്പോകുന്ന വിരാട് കോലി, പരിശീലന ഗ്രന്ഥങ്ങളെ തന്റെഷോട്ടുകള്‍ കൊണ്ട് പരിഹസിക്കുന്ന ഡി വില്ല്യേഴ്സ്. വൈവിധ്യങ്ങള്‍ നിറഞ്ഞ ബാറ്റിങ് പ്രതിഭകള്‍ക്കിടയില്‍ ചരിത്രം ഫഖറിനെ എവിടെയാവും പ്രതിഷ്ഠിക്കുക? അതോ, ഒറ്റ ടൂര്‍ണമെന്റില്‍ തിളങ്ങി പൊലിഞ്ഞുപോകുന്ന നക്ഷത്രങ്ങളില്‍ ഒരാളാവുമോ? ആര്‍ക്കറിയാം.