അറസ്റ്റിലായ പ്രതികളെ പോലീസ് മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചപ്പോൾ
അഹമ്മദാബാദ്: റഷ്യന്‍ വാതുവെപ്പുകാരെ ആകര്‍ഷിക്കുന്നതിനായി ഗുജറാത്തില്‍ വ്യാജ ഐ.പി.എല്‍. ഗുജറാത്തിലെ മെഹ്സന ജില്ലയിലെ മോളിപുര്‍ ഗ്രാമത്തിലാണ് ഈ വ്യാജ ഐ.പി.എല്‍ അരങ്ങേറിയത്. പ്രഫഷണല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്ന രീതിയില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ച് വാതുവെയ്പ്പുകാരെ ആകര്‍ഷിച്ച് പണം തട്ടുന്നതിനായാണ് വ്യാജ ഐ.പി.എല്‍. തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ ഗുജറാത്ത് പോലീസ് അറസ്റ്റുചെയ്തു.
ഐ.പി.എല്‍. തോല്‍ക്കുന്ന തരത്തിലുള്ള സന്നാഹങ്ങള്‍ ഒരുക്കിയാണ് ടൂര്‍ണമെന്റ് വാതുവെപ്പുകാരെ ആകര്‍ഷിച്ചത്. പ്രമുഖ ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയുടെ ശബ്ദം അനുകരിച്ച് ഏതോ മിമിക്രിതാരം ചെയ്ത കമന്ററി വരെ ഉള്‍പ്പെടുന്നുണ്ട് ടൂര്‍ണമെന്റില്‍. ഗാലറിയുടെ ആരവം ഇന്റര്‍നെറ്റില്‍ നിന്ന് ശേഖരിച്ച് വീഡിയോക്കൊപ്പം ചേര്‍ത്തു. ടൂര്‍ണമെന്റ് ലൈവായി യൂട്യൂബിലൂടെയും മറ്റും സംപ്രേഷണം ചെയ്യുകയും ചെയ്തു.
അതിസമര്‍ത്ഥമായ രീതിയിലാണ് പിടിയിലായവര്‍ വ്യാജ ഐ.പി.എല്‍. സജ്ജീകരിച്ചത്. മത്സരം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കൊണ്ടുപോകാനും അവരെക്കൊണ്ട് സാധിച്ചു. ഇതിനിടെയാണ് പോലീസ് ഇവരെ അറസ്റ്റുചെയ്തത്. വ്യക്തമായ പ്ലാനോടെയാണ് അണിയറക്കാര്‍ വ്യാജ ഐ.പി.എല്‍. തുടങ്ങിയത്.
മോളിപുര്‍ ഗ്രാമത്തിലെ ഒരു കൃഷിസ്ഥലം ഇവര്‍ ഗ്രൗണ്ടാക്കി മാറ്റി. മികച്ച പിച്ചും ഹാലൊജന്‍ ലൈറ്റുമെല്ലാം ഒരുക്കി ഗ്രൗണ്ട് മോടി പിടിപ്പിച്ചു. ഗ്രാമത്തില്‍ ക്രിക്കറ്റ് കളിക്കുന്ന 21 പേരെ ചേര്‍ത്ത് വിവിധ വ്യാജ ടീമുകളുണ്ടാക്കി. അതിനുശേഷം പരിശീലനവും നല്കി ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഓരോ മത്സരത്തിനും ഒരാള്‍ക്ക് 400 രൂപ വെച്ചാണ് അധികൃതര്‍ നല്‍കിയത്. അമ്പയറായി വേഷമിട്ടവര്ക്കും ഇതേ പ്രതിഫലം നല്കി. അമ്പയര്‍മാരുടെ കൈയ്യില്‍ വാക്കി ടോക്കി വരെയുണ്ടായിരുന്നു. ഓരോ താരവും എങ്ങനെ കളിക്കണമെന്നതുവരെ കൃത്യമായി പറഞ്ഞുകൊടുത്താണ് വ്യാജമത്സരങ്ങള്‍ നടത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് തുടങ്ങിയ ടീമുകളുടെ ജഴ്സിയണിഞ്ഞാണ് താരങ്ങള്‍ കളിച്ചത്. റഷ്യയില്‍ നിന്ന് കാണുന്നവര്‍ക്ക് ഐ.പി.എല്‍. മത്സരമാണെന്ന് തോന്നുന്ന തരത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ഓരോ മത്സരവും സജ്ജമാക്കിയത്. ഹര്‍ഷ ഭോഗ്ലെയുടെ ശബ്ദത്തിലുള്ള കമന്ററിലും ഗാലറിയിലെഇന്റര്നെറ്റില് നിന്നെടുത്ത ആരാധകരുടെ ആര്‍പ്പുവിളികളും വീഡിയോയ്ക്ക് കൊഴുപ്പേകി.
ടൂര്‍ണമെന്റിന്റെ ലൈവ് സംപ്രേഷണമുണ്ടായിരുന്നു. അഞ്ച് എച്ച്ഡി ക്യാമറകളിലൂടെ യൂട്യൂബില്‍ മത്സരം ലൈവായി സംപ്രേഷണം ചെയ്തു. മത്സരം ആരംഭിച്ചതോടെ റഷ്യന്‍ വാതുവെപ്പുകാരും രംഗത്തെത്തിയിരുന്നു. റഷ്യയിലെ ട്വെര്‍, വെറോനെഷ്, മോസ്കോ എന്നിവിടങ്ങളില്‍ നിന്നുള്ള വാതുവെയ്പ്പുകാരുടെ ഓഫര്‍ ടൂര്‍ണമെന്റിന്റെ തലവന്മാര് സ്വീകരിക്കുകയും ചെയ്തിരുന്നു.
ഷൊഐബ് ദാവ്ഡ എന്നയാളാണ് ഈ ടൂര്‍ണമെന്റിന് പിന്നിലെ സൂത്രക്കാരനെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ പബ്ബുകളില്‍ ജോലി ചെയ്ത് പരിചയമുള്ള ദാവ്ഡയാണ് റഷ്യന്‍ വാതുവെയ്പ്പുകാരെ ടൂര്ണമെന്റിലേക്ക് ബന്ധിപ്പിച്ചത്. മത്സരത്തിനിടെ ഇവര്‍ക്ക് മൂന്ന് ലക്ഷം രൂപ ലഭിക്കുകയും ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..