ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ഫാഫ് ഡൂപ്ലെസിസ്. ഒരു ഫോര്‍മാറ്റിലും ഇനി ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് ഡൂപ്ലെസിസ് ഉണ്ടാകില്ല.

ക്യാപ്റ്റന്‍ സ്ഥാനം വേണ്ടെന്നുവെച്ചെങ്കിലും താരം ടീമില്‍ തുടരും. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് (സി.എസ്.എ) ആണ് ഇക്കാര്യം അറിയിച്ചത്. 

നേതൃസ്ഥാനത്ത് പുതിയ താരങ്ങള്‍ക്ക് കടന്നുവരാന്‍ വേണ്ടിയാണ് തന്റെ തീരുമാനമെന്ന് ഡൂപ്ലെസിസ് പറഞ്ഞു. അതേസമയം വരുന്ന ട്വന്റി 20 ലോകകപ്പിനു ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് താരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 

ഇംഗ്ലണ്ടിനെതിരായ ഏകദിന - ട്വന്റി 20 പരമ്പരകളില്‍ വിശ്രമം അനുവദിച്ച ഡൂപ്ലെസിസിനു പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡിക്കോക്കായിരുന്നു ടീമിനെ നയിച്ചത്.

''പുതിയ നായകരും യുവതാരങ്ങളുമായി പുതിയ ദിശയില്‍ ടീം സഞ്ചരിക്കുമ്പോള്‍ നായക സ്ഥാനത്ത് നിന്നും ഞാന്‍ മാറേണ്ട ശരിയായ സമയം ഇതാണെന്നാണ് തോന്നുന്നത്. കടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു ഇത്. എന്നാലും ക്വിന്റനെ പിന്തുണയ്ക്കാന്‍ ഞാന്‍ മുഴുവനായും പ്രതിജ്ഞാബദ്ധനായിരിക്കും'', ഡൂപ്ലെസിസ് പറഞ്ഞു.

2019 ഏകദിന ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ മോശം പ്രകടനവും, ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര 3-1ന് നഷ്ടമായതും ഡുപ്ലെസിസിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. ക്യാപ്റ്റന്‍സിയിലെ മോശം പ്രകടനത്തിന് പുറമെ ബാറ്റിങ്ങിലും താരം നിരാശപ്പെടുത്തി.

Content Highlights: Faf du Plessis steps down as South Africa captain in all formats