കേപ്ടൗണ്‍: 2011-ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ ടീം പുറത്തായതിനു പിന്നാലെ തനിക്കും ഭാര്യയ്ക്കും നേരേ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി ഉണ്ടായതായി മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി.

2011 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസീലന്‍ഡിനോട് 49 റണ്‍സിന് തോറ്റാണ് ദക്ഷിണാഫ്രിക്ക പുറത്താകുന്നത്. 

''ആ മത്സരത്തിന് (ന്യൂസീലന്‍ഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍) ശേഷം എനിക്കും ഭാര്യക്കും നേരെ വധഭീഷണി ഉണ്ടായി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഭീഷണികള്‍. തീര്‍ത്തും നിന്ദ്യമായ കാര്യങ്ങളായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ഞാന്‍ അത് പറയുന്നില്ല.'' - ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഡുപ്ലെസി വ്യക്തമാക്കി.

അന്ന് മത്സരത്തില്‍ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 172 റണ്‍സിന് പുറത്താകുകയായിരുന്നു. ഗ്രെയിം സ്മിത്തായിരുന്നു അന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍.

Content Highlights: Faf du Plessis received death threats after South Africa s exit from 2011 World Cup