ജോഹന്നാസ്ബര്‍ഗ്: ഒക്ടോബറില്‍ നടക്കുന്ന ഐ.സി.സി ട്വന്റി 20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. തെംബ ബാവുമയാണ് ടീമിനെ നയിക്കുക.

മുന്‍ നായകനും മികച്ച ബാറ്റ്‌സ്മാനുമായ ഫാഫ് ഡുപ്ലെസ്സി, ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്, സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചില്ല. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ പരിചയസമ്പത്തുള്ള താരങ്ങളാണ് ഇവര്‍ മൂന്നുപേരും. 

ഐ.പി.എല്‍ ഉള്‍പ്പെടെയുള്ള നിരവധി ട്വന്റി 20 ലീഗുകളിലും അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ചിട്ടുള്ള ഈ മൂന്നു താരങ്ങളും ടീമില്‍ നിന്ന് പുറത്തായത് ആരാധകര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാണ് ടീം പ്രഖ്യാപിച്ചതെന്ന് സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് അറിയിച്ചു. 

ബാവുമ നയിക്കുന്ന ടീമില്‍ കേശവ് മഹാരാജ് സഹനായകനാകും. ക്വിന്റണ്‍ ഡി കോക്ക്, ബ്യോണ്‍ ഫോര്‍ട്യൂയിന്‍, റീസ ഹെന്‍ഡ്രിക്‌സ്, ഹെയിന്റിച്ച് ക്ലാസണ്‍, എയ്ഡന്‍ മാക്രം, ഡേവിഡ് മില്ലര്‍, മള്‍ഡര്‍, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ക്കെ, ഡ്വെയ്ന്‍ പ്രെട്ടോറിയസ്, കഗീസോ റബാദ, തബ്‌റൈസ് ഷംസി, റാസി വാന്‍ ഡ്യൂസ്സന്‍ എന്നിവരും ടീമിലുണ്ട്.

ട്വന്റി 20 ലോകകപ്പിന് മുന്‍പായി ദക്ഷിണാഫ്രിക്കന്‍ ടീം ശ്രീലങ്കയുമായി ട്വന്റി 20 പരമ്പര കളിക്കും. ഏകദിന പരമ്പരയില്‍ ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നു.

Content Highlights: Faf du Plessis, Morris miss out as South Africa name squad