കേപ് ടൗണ്‍: ഇന്ത്യയുടെ മുന്‍നിര മുഴുവന്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെന്ന യുവതാരം ആത്മവിശ്വാസം കൈവിട്ടില്ല. ഭുവനേശ്വര്‍ കുമാറിനെ കൂട്ടുപിടിച്ച് ഹാര്‍ദിക് ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മുന്നില്‍ മുട്ടുവിറക്കാതെ പോരാടി. ഏഴിനു 92 റണ്‍സെന്ന നിലയില്‍ നിന്ന് 209 റണ്‍സിലേക്ക് ഇന്ത്യയെ കൈപ്പിടിച്ചുയര്‍ത്തിയത് ഹാര്‍ദികിന്റെ ആ ഇന്നിങ്‌സായിരുന്നു.

അതുകൊണ്ടുതന്നെ ഇന്ത്യയുടെ രക്ഷകനായ ഹാര്‍ദികിനെ പുറത്താക്കിയ കാഗിസോ റബാദയ്ക്ക് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് ഒരുഗ്രന്‍ സമ്മാനം നല്‍കി. റബാദയുടെ നെറ്റിയില്‍ ഉമ്മ വെച്ചായിരുന്നു ഡു പ്ലെസിസ് വിക്കറ്റാഘോഷിച്ചത്. വിക്കറ്റ് വീണതോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തന്റെ രണ്ടാം സെഞ്ചുറിയെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാനും ഹാര്‍ദികിന് കഴിഞ്ഞില്ല. സെഞ്ചുറിക്ക് ഏഴു റണ്‍സകലെ വെച്ചായിരുന്നു ഹാര്‍ദിക് പുറത്തായത്. റബാദയുടെ പന്ത് ഹാര്‍ദികിന്റെ ബാറ്റില്‍ കൊണ്ട് ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളില്‍ എത്തുകയായിരുന്നു. 

ഇന്ത്യ 76/5 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഹാര്‍ദിക് ക്രീസിലെത്തുന്നത്.അതിനുപിന്നാലെ അശ്വിന്റെയും വൃദ്ധിമാന്‍ സാഹയുടെയും വിക്കറ്റുകള്‍ തുടരത്തുടരെ വീണു. പക്ഷേ ഹാര്‍ദിക് പ്രതീക്ഷ കൈവിട്ടില്ല. ഭുവനേശ്വറിനെ കൂട്ടുപിടിച്ച് ഏകദിന ശൈലിയില്‍ ബാറ്റുവീശുകയായിരുന്നു. 14 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 95 പന്തില്‍ നിന്ന് 93 റണ്‍സാണ് ഹാര്‍ദിക് നേടിയത്.