ദുബായ്: പരാജയം ഉറപ്പിച്ച ഘട്ടത്തിലും പാക് ബൗളിങ്ങിനെതിരേ ഉറച്ചുനിന്ന് പൊരുതിയ ഓസ്‌ട്രേലിയയ്ക്ക്, പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആവേശകരമായ സമനില.

രണ്ടാം ഇന്നിങ്‌സില്‍ 462 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് എട്ടിന് 362 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയാകുകയായിരുന്നു.
 
സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജ (141), ട്രാവിസ് ഹെഡ് (72), നായകന്‍ ടിം പെയ്ന്‍ (61 നോട്ടൗട്ട്) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന് തുണയായത്. 302 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികള്‍ സഹിതമാണ് ഖവാജ 141 റണ്‍സെടുത്തത്. ഒന്‍പത് മണിക്കൂറുകളോളം ക്രീസില്‍ നിന്നാണ് ഖവാജ പാക് ആക്രമണത്തെ ചെറുത്തത്. 224 പന്തുകളില്‍ നിന്നാണ് ഖവാജ തന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയത്. ഏഷ്യയില്‍ ഒരു ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ മാത്രം ഓസീസ് താരമാണ് ഖവാജ. 

മൂന്നിന് 136 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിനെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 215-3 എന്ന സുരക്ഷിതമായ നിലയിലെത്തിച്ചത് ഖവാജയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറിയും നേടിയ ഖവാജയാണ് കളിയിലെ താരം. 

ആദ്യ ഇന്നിങ്‌സില്‍ 482 റണ്‍സെടുത്ത പാകിസ്താനെതിരേ ഓസീസിന്റെ ഇന്നിങ്‌സ് 202-ല്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ആറിന് 181 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത പാകിസ്താന്‍ ഓസീസിനു മുന്നില്‍ വെച്ചത് 462 റണ്‍സിന്റെ വിജയലക്ഷ്യം. 

മത്സരം സമനിലയിലായപ്പോള്‍ 194 പന്തില്‍ നിന്ന് 61 റണ്‍സെടുത്ത ടിം പെയ്‌നും 34 പന്തില്‍ അഞ്ചു റണ്‍സെടുത്ത നഥാന്‍ ലിയോണുമായിരുന്നു ക്രീസില്‍.

462 എന്ന വിജയലക്ഷ്യത്തിലേക്ക് ഒന്നാം വിക്കറ്റില്‍ 87 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഖവാജ - ആരോണ്‍ ഫിഞ്ച് സഖ്യം ഓസീസിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. എന്നാല്‍ സ്‌കോര്‍ 87-ല്‍ നില്‍ക്കെ തുടരെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായ ഓസീസ് കൂട്ടത്തകര്‍ച്ചയെ നേരിടുമ്പോഴാണ് സെഞ്ചുറി കൂട്ടുകെട്ടുമായി ഖവാജ - ട്രീവിസ് ഹെഡ് സഖ്യം ഓസീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 132 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 175 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 72 റണ്‍സെടുത്താണ് ഹെഡ് പുറത്തായത്.

പാകിസ്താനായി യാസിര്‍ ഷാ നാലും മുഹമ്മദ് അബ്ബാസ് മൂന്നും വിക്കറ്റ് വീഴ്ത്തി. ഹെഡും ഖവാജയും പുറത്തായ ശേഷം മിച്ചല്‍ സ്റ്റാര്‍ക്കിനേയും പീറ്റര്‍ സിഡിലിനേയും വീഴ്ത്തി യാസിര്‍ ഷാ പാകിസ്താന് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ എട്ടിന് 333 റണ്‍സ് എന്ന നിലയില്‍ ഒത്തുചേര്‍ന്ന ടിം പെയ്‌നും ലിയോണും അവസാന നിമിഷങ്ങളില്‍ പാക് ബൗളിങ്ങിനെ അതിജീവിക്കുകയായിരുന്നു.