ജമൈക്ക: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ എതിര്‍ താരം സെഞ്ചുറി നേടുന്നത് തടയാന്‍ വിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ് നോ ബോള്‍ എറിഞ്ഞ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് നിരക്കാത്ത കളി പുറത്തെടുത്തിരുന്നു. സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയോറ്റ്‌സ് താരം എവിന്‍ ലൂയിസിനാണ് അര്‍ഹതപ്പെട്ട സെഞ്ചുറി പൊള്ളാര്‍ഡ് നിഷേധിച്ചത്. 

പാട്രിയോറ്റ്‌സിന് ജയിക്കാന്‍ ഒരു റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ലൂയിസിന് സെഞ്ചുറി നേടാന്‍ മൂന്നു റണ്‍സും. എന്നാല്‍ മന:പൂര്‍വ്വം നോ ബോള്‍ എറിഞ്ഞ പൊള്ളാര്‍ഡ് ടിട്വന്റി ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോഡും ലൂയിസിന് നിഷേധിച്ചു. ഒടുവില്‍ 32 പന്തില്‍ 97 റണ്‍സുമായി ലൂയിസിന് ക്രീസ് വിടേണ്ടി വന്നു. പൊള്ളാര്‍ഡിന്റെ ഈ വൃത്തികെട്ട സമീപനത്തെതിരെ സോഷ്യല്‍ മീഡയിയില്‍ ഏറെ പോസ്റ്റുകള്‍ വന്നിരുന്നു.

എന്നാല്‍ സെഞ്ചുറി നഷ്ടപ്പെട്ടെങ്കിലും ലൂയിസിന് മറ്റൊരു കാര്യത്തില്‍ സന്തോഷിക്കാം. പ്രീമിയര്‍ ലീഗിനിടയില്‍ ലൂയിസ് അടിച്ച ഒരു പടുകൂറ്റന്‍ സിക്‌സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അതും പൊള്ളാര്‍ഡിന്റെ പന്തില്‍. ഗാലറിയെയും കടന്നുപോയ പന്ത് റോഡിലാണ് ചെന്നുവീണത്. പാട്രിയോറ്റ്‌സിന്റെ ഇന്നിങ്‌സിലെ ആറാം ഓവറിലായിരുന്നു ആ പടുകൂറ്റന്‍ സിക്‌സ്.