Photo: ANI
മുംബൈ: ട്വന്റി-20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിരാട് കോലി സ്വയം സ്ഥാനമൊഴിയുകയായിരുന്നെന്നും അന്നു സെലക്ഷന് മീറ്റിങ്ങിലുണ്ടായിരുന്ന എല്ലാവരും ക്യാപ്റ്റന്‍ സ്ഥാനം രാജി വെയ്ക്കരുതെന്ന് കോലിയോട് ആവശ്യപ്പെട്ടിരുന്നതായും ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിനെ പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചേതന്‍.
കോലിയോട് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി നേരത്തെ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഗാംഗുലിയുടെ വെളിപ്പെടുത്തല്‍ തള്ളി കോലിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗാംഗുലിയെ അനുകൂലിക്കുന്ന തരത്തിലാണ് ഇപ്പോള്‍ ചേതന്‍ ശര്‍മയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
'അന്നു മീറ്റിങ്ങില്‍വെച്ച് കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന കാര്യം പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും വിസ്മയിച്ചു. ട്വന്റി-20 ലോകകപ്പ് തൊട്ടരികെ നില്‍ക്കെ ഇത്തരമൊരു പ്രഖ്യാപനം എങ്ങനെ സ്വീകരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഈ തീരുമാനം പുനരാലോചിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത എല്ലാവരും കോലിയോട് ആവശ്യപ്പെട്ടിരുന്നു. ലോകകപ്പ് കഴിഞ്ഞ് ഇതേകുറിച്ച് ചിന്തിക്കാമെന്നും പറഞ്ഞതാണ്.'-ചേതന്‍ ശര്‍മ വ്യക്തമാക്കുന്നു.
ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് കോലിയെ പുറത്താക്കുകയായിരുന്നെന്നും ചേതന്‍ വ്യക്തമാക്കി. 'ട്വന്റി-20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത് കോലിയുടെ മാത്രം തീരുമാനമായിരുന്നു. അന്ന് നായകസ്ഥാനം ഒഴിയണമെന്ന് ആരും കോലിയോട് ആവശ്യപ്പെട്ടിരുന്നില്ല. പക്ഷേ ട്വന്റി-20 ക്യാപ്റ്റന്‍സ്ഥാനം രാജിവെച്ച സ്ഥിതിക്ക് ടീമുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങളെ കുറിച്ച് സെലക്ടര്‍മാര്‍ ആലോചിക്കേണ്ടതായിരുന്നു. അങ്ങനെയാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റിന് ഒറ്റ ക്യാപ്റ്റന്‍ എന്ന തീരുമാനത്തിലെത്തിയത്. കോലി ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിനാല്‍ അതുമായി ബന്ധപ്പെട്ട് പെട്ടെന്ന് തീരുമാനം കൈക്കൊള്ളാന്‍ സെലക്ടര്‍മാര്‍ക്ക് കഴിഞ്ഞു.
അതായത് ട്വന്റി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനം കോലിയുടേത് മാത്രമായിരുന്നു. ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് കോലിയെ നീക്കിയത് സെലക്ടര്‍മാരുടെ തീരുമാനവനും'-ചേതന്‍ ശര്‍മ വ്യക്തമാക്കുന്നു.
ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് നീക്കുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചില്ലെന്ന കോലിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടും ചേതന്‍ ശര്‍മ വിശദീകരണം നല്കി.
'അന്നത്തെ സെലക്ഷന് കമ്മിറ്റി യോഗം അവസാനിച്ചശേഷം ഞാന്‍ കോലിയെ വിളിച്ചിരുന്നു. യോഗത്തിനിടെ ഈ തീരുമാനം കോലിയെ അറിയിക്കാന്‍ എനിക്കു താത്പര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് യോഗത്തിന് ശേഷം വിളിച്ചത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒരു ക്യാപ്റ്റന്‍ മതിയെന്നാണ് സെലക്ടര്‍മാരുടെ തീരുമാനമെന്ന് ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കോലി ചില കാര്യങ്ങള്‍ ചോദിച്ചു. ആ കാര്യങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താനാകില്ല. നല്ല രീതിയിലാണ് ഞങ്ങള്‍ സംസാരിച്ചത്.' ചേതന്‍ ശര്‍മ വ്യക്തമാക്കുന്നു.
Content Highlights: Everyone asked Virat Kohli to reconsider stepping down as T20I captain says Chetan Sharma
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..