മുംബൈ: ന്യൂസീലന്‍ഡ് പര്യടനത്തിലെ മോശം ഫോമിന്റെ പേരില്‍ പ്രതിരോധത്തിലായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പിന്തുണയുമായി മുന്‍താരം വീരേന്ദര്‍ സെവാഗ്. സച്ചിന്‍ തെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും പോലും കരിയറില്‍ ഇത്തരം അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും കോലി പഴയ ഫോമിലേക്ക് മടങ്ങിയെത്തുമെന്നും സെവാഗ് പറഞ്ഞു.

കിവീസ് മണ്ണിലെ 11 ഇന്നിങ്‌സുകളില്‍ നിന്ന് വെറും 218 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് ഇത്രയും ഇന്നിങ്‌സുകള്‍ക്കിടെ പിറന്നത്. ഇതിനു പിന്നാലെ മുന്‍താരം കപില്‍ ദേവ് റിഫ്ളക്സും കാഴ്ചയും പതിയെയായതാണ് കോലിക്ക് തിരിച്ചടിയായതെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ കപിലിന്റെ നിരീക്ഷണത്തെ സെവാഗ് തള്ളി. ''കോലി ഇപ്പോള്‍ അനുഭവിക്കുന്നത് പോലെ മോശം സമയം എല്ലാവര്‍ക്കും ഉണ്ടാകാറുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, സ്റ്റീവ് സ്മിത്ത് എന്നിവരും കരിയറില്‍ ഇത്തരം മോശം സമയത്തിലൂടെ കടന്നുപോയിട്ടുണ്ട്. എനിക്കും ഇതുപോലെ മോശം സമയമുണ്ടായിട്ടുണ്ട്. ഇത്തരം അവസ്ഥകള്‍ വരുമ്പോള്‍ ക്ഷമ കാണിക്കുകയാണ് ചെയ്യേണ്ടത്. അതോടൊപ്പം സ്വന്തം കഴിവില്‍ ഉറച്ചു വിശ്വസിക്കുകയും വേണം. സ്വതസിദ്ധമായ ശൈലിക്കു മാറ്റം വരുത്താതെ തന്നെ അതിനെ അതിജീവിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. കോലി പഴയ ഫോമിലേക്കു മടങ്ങിയെത്തുമെന്ന് ഉറപ്പുണ്ട്. ഇപ്പോഴത്തെ മോശം ഫോമിനെ അതിജീവിക്കാന്‍ കോലിക്കു അനായാസം സാധിക്കും'', സെവാഗ് വ്യക്തമാക്കി.

Content Highlights: Every player has to go through this phase Virender Sehwag on Virat Kohli