രാജ്‌കോട്ട്:  നിലവിലുള്ളതിനേക്കാള്‍ മികച്ച ടീമുമായി വന്നിട്ടുപോലും വിന്‍ഡീസിന് ഇന്ത്യയില്‍ പരമ്പര നേടാനായിട്ടില്ലെന്ന് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍. 1994ന് ശേഷം ഇന്ത്യയില്‍ വിന്‍ഡീസ് ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ കളിച്ചിരുന്ന സമയത്തും ഇതുതന്നെയായിരുന്നു സ്ഥിതി. ലോകത്തെ ഒന്നാം നമ്പര്‍ ടീമിനെതിരെ അവരുടെ നാട്ടിലാണ് ഞങ്ങള്‍ കളിക്കുന്നതെന്നും ഓര്‍മിക്കണമല്ലോ'. ഹോള്‍ഡര്‍ വ്യക്തമാക്കി. രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റിലെ ദയനീയ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വിന്‍ഡീസ് ഓള്‍റൗണ്ടറുടെ മറുപടി. 

വിന്‍ഡീസിന്റെ മുന്‍ താരം കാള്‍ ഹൂപ്പറുടെ വിമര്‍ശനത്തിനും ഹോള്‍ഡര്‍ പ്രതികരിച്ചു. വിന്‍ഡീസിന്റെ താരങ്ങള്‍ക്ക് ടിട്വന്റി ക്രിക്കറ്റ് മാത്രമാണ് താത്പര്യമെന്നായിരുന്നു കാള്‍ ഹൂപ്പറിന്റെ ആരോപണം. ഇതിന് ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു താരത്തിന്റെ മറുപടി. ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ പരമ്പരയില്‍ എനിക്കും ടീമിനും എന്താണ് ചെയ്യാന്‍ കഴിയുക എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. മറ്റുള്ളവര്‍ എന്തുപറയുന്നുവെന്ന് നോക്കിയിട്ട് കാര്യമില്ല. അവര്‍ക്ക് എപ്പോഴും എന്തെങ്കിലും പറയാനുണ്ടാകും' ഹോള്‍ഡര്‍ ചൂണ്ടിക്കാട്ടുന്നു.

മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമേ വിമര്‍ശകരുടെ വായടപ്പിക്കാനുള്ള എന്തെങ്കിലും സാധ്യതയുള്ളു. എന്നാല്‍ത്തന്നേയും ചിലരുടെ വായടപ്പിക്കാന്‍ കഴിയില്ലെന്നും ഹോള്‍ഡര്‍ പരിഹസിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കളിച്ച നാലോ അഞ്‌ടോ പരമ്പരകളില്‍ രണ്ടെണ്ണമെങ്കിലും ഞങ്ങള്‍ വിജയിച്ചിട്ടുണ്ട്. എന്നിട്ടും ഈ ടീമിനെ ഇങ്ങനെ വിമര്‍ശിക്കുന്നതിന്റെ കാരണം പിടികിട്ടുന്നില്ല. ഹോള്‍ഡര്‍ ചൂണ്ടിക്കാട്ടുന്നു. ഏകദിന ക്രിക്കറ്റില്‍ വിന്‍ഡീസ് ടീം ഏറ്റവും ഒടുവില്‍ പുറത്തെടുത്ത മികച്ച പ്രകടനം 2004-ലെ ചാംമ്പ്യന്‍സ് ട്രോഫി ജയിച്ചതാണെന്നും ഹോള്‍ഡര്‍ കൂട്ടിച്ചേര്‍ത്തു. 

രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പരിക്കുമൂലം ഹോള്‍ഡര്‍ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ബ്രാത്‌വെയ്റ്റാണ് വിന്‍ഡീസ് ടീമിനെ നയിച്ചത്.

Content Highlights: Even Brian Lara's Windies couldn't win series in India says Jason Holder