Photo: AFP
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ ഓയിന്‍ മോര്ഗന് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 2019-ല്‍ ഇംഗ്ലണ്ടിനെ സ്വന്തം നാട്ടില്‍ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകനാണ്. മോശം ഫോമും ആരോഗ്യപ്രശ്നങ്ങളുമാണ് താരത്തിന്റെ ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍.
2015 ലോകകപ്പിലെ മോശം പ്രകടനത്തിനു ശേഷം ഇംഗ്ലണ്ട് നിശ്ചിത ഓവര്‍ ടീമിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് മോര്ഗന്. കരിയറില്‍ അയര്‍ലന്‍ഡിനായി കളിതുടങ്ങിയ താരം പിന്നീട് ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാവുകയായിരുന്നു.126 ഏകദിനങ്ങളിലും 72 ട്വന്റി 20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെ നയിച്ചു.
ഏകദിനത്തിലും ട്വന്റി 20-യിലും ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് മോര്ഗന്. 248 ഏകദിനങ്ങളില്‍ നിന്ന് 7701 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 225 ഏകദിനങ്ങള്‍ ഇംഗ്ലണ്ട് ജേഴ്സിയിലാണ്. 6957 റണ്‍സും ഇംഗ്ലണ്ട് ടീമിനായി നേടി. 115 ട്വന്റി 20-കളില്‍ നിന്ന് 2458 റണ്‍സും 16 ടെസ്റ്റില്‍ നിന്ന് 700 റണ്‍സും നേടിയിട്ടുണ്ട്.
2012-ല്‍ ട്വന്റി 20 ടീമിന്റെയും 2014-ല്‍ ഏകദിന ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്തു. ഏകദിനത്തിലും ട്വന്റി 20-യിലും ടീമിനെ ലോക ഒന്നാം റാങ്കിലെത്തിക്കുകയും ചെയ്തു.
ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ കൂടി ഇംഗ്ലണ്ടിനെ നയിക്കാനുള്ള ആഗ്രഹം മോര്ഗന് പരസ്യമാക്കിയിരുന്നെങ്കിലും മോശം ഫോമും പരിക്കും തിരിച്ചടിയാകുകയായിരുന്നു.
2016-ല്‍ മോര്ഗന് കീഴില്‍ ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും കാര്‍ലോസ് ബ്രാത്ത്വെയ്റ്റിന്റെ അവസാന ഓവറിലെ അവിശ്വസനീയ ഇന്നിങ്സിന്റെ ബലത്തില്‍ വെസ്റ്റിന്‍ഡീസ് കിരീടം സ്വന്തമാക്കുകയായിരുന്നു.
മോര്‍ഗന്റെ അഭാവത്തില്‍ ജോസ് ബട്ട്ലര്‍ ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീമിന്റെ ക്യാപ്റ്റനായേക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..