മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ വെസ്റ്റിൻഡീസ് ഒന്നാമിന്നിങ്സ് ബാറ്റിങ് തുടരുന്നു. നാലാം ദിനം ചായക്ക് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെന്ന നിലയിലാണ് വെസ്റ്റിൻഡീസ്. 60 റൺസോടെ ബ്രൂക്ക്സും എട്ടു റൺസുമായി റോസ്റ്റൺ ചേസുമാണ് ക്രീസിൽ. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സ് ആറു വിക്കറ്റിന് 469 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ഇനി ഒരു ദിവസം മാത്രം ശേഷിക്കെ ടെസ്റ്റ് സമനിലയിലേക്കാണ് നീങ്ങുന്നത്. മഴ മൂലം ഒരൊറ്റ പന്ത് പോലും എറിയാതെ മൂന്നാം ദിനത്തിലെ മത്സരം ഉപേക്ഷിച്ചിരുന്നു.

ഇംഗ്ലണ്ടിന്റെ കൂറ്റൻ ഒന്നാമിന്നിങ്സ് സ്കോറിനെതിരേ ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനെ ക്രെയ്ഗ് ബ്രാത്വെയ്റ്റിന്റെ പ്രകടനമാണ് തുണച്ചത്. 165 പന്തിൽ 75 റൺസ് നേടിയ ബ്രാത്വെയ്റ്റിനെ ബെൻ സ്റ്റോക്ക്സ് പുറത്താക്കുകയായിരുന്നു. ബ്രാത്വെയ്റ്റിനെ കൂടാതെ 12 റൺസെടുത്ത ജോൺ കാംപെൽ, 32 റൺസെടുത്ത അൽസാരി ജോസഫ്, 25 റൺസ് അടിച്ച ഷായ് ഹോപ് എന്നിവരുടെ വിക്കറ്റുകളാണ് വിൻഡീസിന് നഷ്ടമായത്.

സെഞ്ചുറിയടിച്ച ഡോം സിംബ്ലെയുടേയും ബെൻ സ്റ്റോക്ക്സിന്റേയും ബാറ്റിങ് മികവിലാണ് ഒന്നാമിന്നിങ്സിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ബെൻ സ്റ്റോക്ക്സ് 356 പന്തിൽ 17 ഫോറിന്റേയും രണ്ട് സിക്സിന്റേയും അകമ്പടിയോടെ 176 റൺസെടുത്തപ്പോൾ ഡോം സിബ്ലെ 120 റൺസ് നേടി. 40 റൺസോടെ ജോസ് ബട്ലർ ഇരുവർക്കും പിന്തുണ നൽകി.

ആദ്യ ദിനം 80 റൺസെടുക്കുന്നതിനിടയിൽ മൂന്നു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനായി സിബ്ലെയും സ്റ്റോക്ക്സും ഒത്തുചേരുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റിൽ 260 റൺസ് കൂട്ടിച്ചേർത്തു.

വെസ്റ്റിൻഡീസിനായി റോസ്റ്റൺ ചേസ് അഞ്ചു വിക്കറ്റ് വീഴ്ത്തി. കീമർ റോച്ച് രണ്ടു വിക്കറ്റെടുത്തപ്പോൾ ജേസൺ ഹോൾഡറും അൽസാരി ജോസഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 44 ഓവറിൽ 172 റൺസ് വഴങ്ങിയാണ് റോസ്റ്റൺ അഞ്ചു വിക്കറ്റ്നേട്ടം ആഘോഷിച്ചത്. സതാംപ്റ്റണിൽ നടന്ന ആദ്യ ടെസ്റ്റ് വിജയിച്ച വെസ്റ്റിൻഡീസ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.

Content Highlights: Englnad vs West Indies Second Test Cricket Day 4