മാഞ്ചസ്റ്റർ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 172 റൺസ് ഒന്നാമിന്നിങ്സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 369 റൺസിനെതിരേ മൂന്നാം ദിനം ബാറ്റിങ് തുടർന്ന വിൻഡീസ് 197 റൺസിന് എല്ലാവരും പുറത്തായി.

14 ഓവറിൽ 31 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡിന്റെ പ്രകടനം വിൻഡീസിനെ ചുരുട്ടിക്കൂട്ടുകയായിരുന്നു. രണ്ട് വിക്കറ്റുമായി ജെയിംസ് ആൻഡേഴ്സൺ ബ്രോഡിന് പിന്തുണ നൽകി. ജോഫ്ര ആർച്ചറും ക്രിസ് വോക്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ അർധ സെഞ്ചുറിയുമായി ബാറ്റിങ്ങിലും തിളങ്ങിയ ബ്രോഡ് ഓൾറൗണ്ട് പ്രകടനമാണ് മൂന്നാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്സിൽ ഇംഗ്ലണ്ടിനായി പുറത്തെടുത്തത്.

82 പന്തിൽ 46 റൺസെടുത്ത ക്യാപ്റ്റൻ ജേസൺ ഹോൾഡറിന് ഒഴികെ മറ്റാർക്കും വിൻഡീസ് ബാറ്റിങ് നിരയിൽ തിളങ്ങാനായില്ല. ഏഴാം വിക്കറ്റിൽ ഹോൾഡറും ഷെയ്ൻ ഡൗറിച്ചും ചേർന്ന് നേടിയ 68 റൺസിന്റെ കൂട്ടുകെട്ടാണ് സന്ദർശകരുടെ സ്കോർ 150 കടത്തിയത്. ഡൗറിച്ച് 63 പന്തിൽ 37 റൺസ് നേടി.

91 റൺസ് നേടിയ ഒലി പോപ്പ്, 67 റൺസ് അടിച്ച ജോസ് ബട്ലർ, 57 റൺസ് നേടിയ ഓപ്പണർ റോറി ബേൺസ്, വാലറ്റത്ത് 45 പന്തിൽ 62 റൺസ് അടിച്ച സ്റ്റുവർട്ട് ബ്രോഡ് എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ടിന്റെ സ്കോർ 369 റൺസിലെത്തിച്ചത്. ആദ്യ ദിനം ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിൽ തകർച്ചയിലായിരുന്നു. തുടർന്ന് അഞ്ചാം വിക്കറ്റിൽ ജോസ് ബട്ലറും ഒലി പോപ്പും ചേർന്ന് 140 റൺസ് കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു.

ഇരുവരും ക്രീസ് വിട്ട ശേഷം വാലറ്റത്ത് പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ് നടത്തിയ രക്ഷാപ്രവർത്തനം ഇംഗ്ലണ്ടിന്റെ സ്കോർ 350 കടത്തി. ഒമ്പതാം വിക്കറ്റിൽ ബ്രോഡും ഡോം ബെസ്സും ചേർന്ന് 76 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 45 പന്തിൽ ഒമ്പതു ഫോറും ഒരു സിക്സും സഹിതം 62 റൺസ് അടിച്ച ബ്രോഡിനെ പുറത്താക്കി റോസ്റ്റൺ ചേസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

വെസ്റ്റിൻഡീസിനായി കീമർ റോച്ച് നാല് വിക്കറ്റെടുത്തപ്പോൾ ഷാനോൺ ഗബ്രിയേലും റോസ്റ്റൺ ചേസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജേസൺ ഹോൾഡർ ഒരു വിക്കറ്റെടുത്തു.

Content Highlights: England vs West Indies, Third Test Day 3