മാഞ്ചസ്റ്റർ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 369 റൺസിന് പുറത്ത്. നാലു വിക്കറ്റിന് 258 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് 111 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിക്കുന്ന ആറു വിക്കറ്റുകൾ നഷ്ടമായി.

ഇംഗ്ലണ്ടിന് രണ്ടാം ദിനം ആദ്യം നഷ്ടമായത് ഒലി പോപ്പിന്റെ വിക്കറ്റാണ്. തലേദിവസത്തെ അതേ സ്കോറായ 91 റൺസിന് പോപ്പിനെ ഷാനോൺ ഗബ്രിയേൽ വീഴ്ത്തി. പിന്നാലെ ക്രീസിലെത്തിയ ക്രിസ് വോക്സിനെ ഒരു റണ്ണിന് കീമർ റോച്ചും തിരിച്ചയച്ചു. തലേദിവസത്തെ സ്കോറിനോട് 11 റൺസ് കൂട്ടിച്ചേർത്ത് ജോസ് ബട്ലറും മടങ്ങി. 67 റൺസെടുത്ത ബട്ലറെ പുറത്താക്കിയത് ഷാനോൺ ഗബ്രിയേൽ ആണ്. കീമർ റോച്ചിന്റെ പന്തിൽ മൂന്നു റൺസെടുത്ത ജോഫ്ര ആർച്ചർ കൂടി മടങ്ങിയതോടെ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിന് 262 എന്ന നിലയിൽ നിന്ന് എട്ടു വിക്കറ്റിന് 280 റൺസ് എന്ന അവസ്ഥയിലെത്തി.

എന്നാൽ പിന്നീട് വാലറ്റത്ത് പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ് നടത്തിയ രക്ഷാപ്രവർത്തനം ഇംഗ്ലണ്ടിന്റെ സ്കോർ 350 കടത്തി. ഒമ്പതാം വിക്കറ്റിൽ ബ്രോഡും ഡോം ബെസ്സും ചേർന്ന് 76 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 45 പന്തിൽ ഒമ്പതു ഫോറും ഒരു സിക്സും സഹിതം 62 റൺസ് അടിച്ച ബ്രോഡിനെ പുറത്താക്കി റോസ്റ്റൺ ചേസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 11 റൺസെടുത്ത ജെയിംസ് ആൻഡേഴ്സണെ ജേസൺ ഹോൾഡർ പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് അവസാനിച്ചു. 55 പന്തിൽ 18 റൺസോടെ ഡോം ബെസ്സ് പുറത്താകാതെ നിന്നു.

ആദ്യ ദിനം ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിൽ തകർച്ചയിലായിരുന്നു. തുടർന്ന് അഞ്ചാം വിക്കറ്റിൽ ജോസ് ബട്ലറും ഒലി പോപ്പും ചേർന്ന് 140 റൺസ് കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. ഓപ്പണർ റോറി ബേൺസിന്റെ 57 റൺസും ഇംഗ്ലണ്ടിനെ തുണച്ചു.

വെസ്റ്റിൻഡീസിനായി കീമർ റോച്ച് നാല് വിക്കറ്റെടുത്തപ്പോൾ ഷാനോൺ ഗബ്രിയേലും റോസ്റ്റൺ ചേസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജേസൺ ഹോൾഡർ ഒരു വിക്കറ്റെടുത്തു.

Content Highlights: England vs West Indies Third Test Cricket Day 2