മാഞ്ചസ്റ്റർ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടമായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 60 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെന്ന നിലയിലാണ്.

ആദ്യ ഓവറിലെ അവസാന പന്തിൽ ഓപ്പണർ ഡോം സിബ്ലെയെ (0) നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് 22 ഓവറിൽ ക്യാപ്റ്റൻ ജോ റൂട്ടിനേയും നഷ്ടമായി. 17 റൺസെടുത്ത ജോ റൂട്ട് റൺഔട്ടാകുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഹീറോ ആയ ബെൻ സ്റ്റോക്ക്സിനും അധികം ആയുസുണ്ടായിരുന്നില്ല. 20 റൺസെടുത്ത സ്റ്റോക്ക്സിനെ കീമർ റോച്ച് പുറത്താക്കി. 147 പന്തിൽ 57 റൺസെടുത്ത ഓപ്പണർ റോറി ബേൺസിന്റെ വിക്കറ്റാണ് നാലാമതായി ഇംഗ്ലണ്ടിന് നഷ്ടമായത്. റോറി ബേൺസിന്റെ ഈ അർധസെഞ്ചുറി ഇന്നിങ്സാണ് ഇംഗ്ലണ്ടിന്റെ സ്കോർ 100 കടത്തിയത്.

മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ആദ്യ ടെസ്റ്റിൽ വെസ്റ്റിൻഡീസ് വിജയിച്ചപ്പോൾ രണ്ടാം ടെസ്റ്റിൽ വിജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. അതുകൊണ്ടുതന്നെ മൂന്നാം ടെസ്റ്റ് നിർണായകമാണ്. വിസ്ഡൻ ട്രോഫി എന്ന പേരിലുള്ള പരമ്പര നേടാനുള്ള അവസാന അവസരം കൂടിയാണിത്. ഇനി മുതൽ റിച്ചാർഡ്സ്-ബോതം ട്രോഫി എന്ന പേരിലാണ് പരമ്പര അറിയപ്പെടുക.

content highlights: England vs West Indies Third Test Cricket Day 1