മാഞ്ചസ്റ്റർ:വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങി. ടോസ് നേടിയ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ടെസ്റ്റിലും വെസ്റ്റിൻഡീസ് തന്നെയാണ് ടോസ് വിജയിച്ചിരുന്നത്.

മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ആദ്യ ടെസ്റ്റിൽ വെസ്റ്റിൻഡീസ് വിജയിച്ചപ്പോൾ രണ്ടാം ടെസ്റ്റിൽ വിജയം ഇംഗ്ലണ്ടിനൊപ്പം നിന്നു. അതുകൊണ്ടുതന്നെ മൂന്നാം ടെസ്റ്റ് നിർണായകമാണ്. വിസ്ഡൻ ട്രോഫി എന്ന പേരിലുള്ള പരമ്പര നേടാനുള്ള അവസാന അവസരം കൂടിയാണിത്. ഇനി മുതൽ റിച്ചാർഡ്സ്-ബോതം ട്രോഫി എന്ന പേരിലാണ് പരമ്പര അറിയപ്പെടുക.

കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനെ തുടർന്ന് രണ്ടാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയ ജോഫ്ര ആർച്ചർ ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. പേസ് ബൗളർ ജെയിംസ് ആൻഡേഴ്സണും പ്ലെയിങ് ഇലവനിൽ ഇടം നേടി. സാക്ക്രാവ്ലിക്കും സാം കറനും പകരമാണ് ഇരുവരും ടീമിലെത്തിയത്. അതേസമയം വിൻഡീസ് നിരയിൽ അൽസാരി ജോസഫിന് പകരം റഹ്കീം കോൺവാളാണ് കളിക്കുന്നത്.

Content Highlights: England vs West Indies, Third Test Cricket, Day 1