മാഞ്ചസ്റ്റർ: ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം മഴമൂലം ഉപേക്ഷിച്ചു. ഒരൊറ്റ പന്തു പോലും എറിഞ്ഞില്ല. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷയ്ക്കാണ് മങ്ങലേറ്റത്.

ടെസ്റ്റ് അവസാനിക്കാൻ ഒരു ദിവസം ശേഷിക്കെ വിൻഡീസിന് രണ്ടാമിന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. ആകെ 10 റൺസാണ് നേടിയത്. രണ്ട് റൺസോടെ ക്രെയ്ഗ് ബ്രാത്വെയ്റ്റും നാല് റൺസുമായി ഷായ് ഹോപ്പുമാണ് ക്രീസിൽ. വിജയിക്കാൻ വിൻഡീസിന് ഇനിയും 389 റൺസ് വേണം. അതേസമയം എട്ടു വിക്കറ്റ് കൂടി വീഴ്ത്തിയാൽ ഇംഗ്ലണ്ടിന് വിജയം സ്വന്തമാക്കാം.

ആദ്യ ടെസ്റ്റിൽ വിൻഡീസ് വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടും വിജയിച്ചു. ഇതോടെ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. മൂന്നാം ടെസ്റ്റിലെ വിജയിക്ക് മത്സരവും പരമ്പരയും സ്വന്തമാക്കാം.

നേരത്തെ ഇംഗ്ലണ്ട് ഒന്നാമിങ്സിൽ 369 റൺസ് അടിച്ചിരുന്നു. മറുപടി ബാറ്റിങ്ങിൽ വിൻഡീസ് 197 റൺസിന് പുറത്തായി. തുടർന്ന് രണ്ടാമിന്നിങ്സ് രണ്ട് വിക്കറ്റിന് 226 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇംഗ്ലണ്ട് വിൻഡീസിന് മുന്നിൽ 399 റൺസിന്റെ വിജയലക്ഷ്യം വെയ്ക്കുകയായിരുന്നു.

Content Highlights: England vs West Indies Test Cricket Day 4