മാഞ്ചസ്റ്റർ: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആവേശ വിജയം. ടെസ്റ്റിന്റെ അവസാന ദിവസം 113 റണ്‍സിനാണ് ഇംഗ്ലണ്ട് വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്ങ്സില്‍ 312 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 198 റണ്‍സിന് പുറത്തായി. ഇതോടെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും 1-1ന് ഒപ്പമെത്തി. സതാംപ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വിന്‍ഡീസ് വിജയിച്ചിരുന്നു.

സ്റ്റുവര്‍ട്ട് ബ്രോഡിന്റേയും ക്രിസ് വോക്‌സിന്റേയും ബൗളിങ്ങിന് മുന്നില്‍ വിന്‍ഡീസ് ബാറ്റിങ് നിര തകരുകയായിരുന്നു. രണ്ടിന്നിങ്‌സിലുമായി ബ്രോഡ് ആറു വിക്കറ്റെടുത്തപ്പോള്‍ വോക്‌സ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മഴ മൂലം ഒരൊറ്റ പന്ത് പോലും എറിയാതെ ടെസ്റ്റിന്റെ മൂന്നാം ദിനം  ഉപേക്ഷിച്ചിട്ടും ബെന്‍ സ്റ്റോക്ക്‌സിന്റെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ സ്റ്റോക്ക്‌സ് രണ്ടാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശി അര്‍ധ സെഞ്ചുറി കണ്ടെത്തി.

നേരത്തെ രണ്ടാം ഇന്നിങ്‌സ്  മൂന്നു വിക്കറ്റിന് 129 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇംഗ്ലണ്ട് 312 റൺസിന്റെ വിജയലക്ഷ്യം വിൻഡീസിന് മുന്നിൽ വെയ്ക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് നേടിയ 182 റൺസ് ലീഡും കൂടി ചേർത്തായിരുന്നു ഈ വിജയലക്ഷ്യം. രണ്ടാമിന്നിങ്സിൽ 78 റൺസ് നേടിയ ബെൻ സ്റ്റോക്ക്സാണ് ഇംഗ്ലണ്ടിന് വേഗത്തിൽ സ്കോർ സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങി ഏകദിന ശൈലിയിൽ ബാറ്റു ചെയ്ത സ്റ്റോക്ക്സ് നാല് ഫോറിന്റേയും മൂന്നു സിക്സിന്റേയും സഹായത്തോടെ 57 പന്തിൽ നിന്നാണ് 78 റൺസ് നേടി പുറത്താകാതെ നിന്നു. ജോസ് ബട്ലർ അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായപ്പോൾ സാക് ക്രാവ്ലിയുടെ സമ്പാദ്യം 11 റൺസായിരുന്നു. ജോ റൂട്ട് 22 റൺസിന് റൺഔട്ടായി. ഒലി പോപ്പ് 12 റൺസോടെ ക്രീസിൽ തുടർന്നു. വിൻഡീസിനായി കീമർ റോച്ച് ഒരു വിക്കറ്റെടുത്തു.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 469 റൺസിനെതിരേ വെസ്റ്റിൻഡീസ് നേടിയത് 287 റൺസ് മാത്രമാണ്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡിന്റേയും ക്രിസ് വോക്സിന്റേയും മികവിൽ ഇംഗ്ലണ്ട് സന്ദർശകരെ ചെറിയ സ്കോറിലൊതുക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് നിർണായകമായ 182 റൺസ് ലീഡ് നേടാനായി. 75 റൺസെടുത്ത ക്രെയ്ഗ് ബ്രാത്വെയ്റ്റിനും 68 റൺസ് അടിച്ച ബ്രൂക്ക്സിനും 51 റൺസ് നേടിയ റോസ്റ്റൺ ചേസിനുമൊഴികെ വിൻഡീസ് നിരയിൽ ആർക്കും തിളങ്ങാനായില്ല.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാമിന്നിങ്സ് ഒമ്പതു വിക്കറ്റിന് 469 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. 120 റൺസ് നേടിയ ഡോം സിബ്ലെയും 176 റൺസ് നേടിയ ബെൻ സ്റ്റോക്ക്സുമാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇരുവരും നാലാം വിക്കറ്റിൽ 260 റൺസ് കൂട്ടിച്ചേർത്തു. വെസ്റ്റിൻഡീസിനായി റോസ്റ്റൺ ചേസ് അഞ്ചു വിക്കറ്റ് വീഴ്ത്തി. കീമർ റോച്ച് രണ്ടു വിക്കറ്റെടുത്തപ്പോൾ ജേസൺ ഹോൾഡറും അൽസാരി ജോസഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 44 ഓവറിൽ 172 റൺസ് വഴങ്ങിയാണ് റോസ്റ്റൺ അഞ്ചു വിക്കറ്റ്നേട്ടം ആഘോഷിച്ചത്.