മാഞ്ചസ്റ്റർ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ചായക്ക് പിരിയുമ്പോൾ 46 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. 46 റൺസോടെ ഡോം സിബ്ലെയും 18 റൺസുമായി ബെൻ സ്റ്റോക്ക്സുമാണ് ക്രീസിൽ.

29 റൺസെടുക്കുന്നതിനിടയിൽ ആതിഥേയർക്ക് ഓപ്പണർ റോറി ബേൺസിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. 15 റൺസെടുത്ത ബേൺസിനെ റോസ്റ്റൺ ചേസ് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ അക്കൗണ്ട് തുറക്കുംമുമ്പ് സാക് ക്രാവ്ലിയേയും റോസ്റ്റൺ ചേസ് തിരിച്ചയച്ചു. ഇതോടെ ഇംഗ്ലണ്ട് രണ്ട് വിക്കറ്റിന് 29 റൺസെന്ന ദയനീയാവസ്ഥയിലായി.

പിന്നീട് ജോ റൂട്ടും ഡോം സിബ്ലിയും ചേർന്ന് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. ഈ കൂട്ടുകെട്ട് 50 റൺസ് പിന്നിട്ടതിന് പിന്നാലെ റൂട്ടിനെ അൽസാരി ജോസഫ് പുറത്താക്കി. 49 പന്തിൽ 23 റൺസായിരുന്നു റൂട്ടിന്റെ സമ്പാദ്യം.

ടോസ് നേടിയ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മാഞ്ചസ്റ്ററിൽ മഴ പെയ്തതിനെ തുടർന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് ടോസ് ഇട്ടത്. സതാംപ്റ്റണിൽ നടന്ന ആദ്യ ടെസ്റ്റിൽ വെസ്റ്റിൻഡീസ് വിജയിച്ചിരുന്നു. ഇതോടെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ വിൻഡീസ് 1-0ത്തിന് മുന്നിലാണ്.

Content Highlights: England vs West Indies Second Test Day 1