Image Courtesy: Twitter
സതാംപ്ടണ്‍: കാണികളില്ലാത്ത സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിക്കേണ്ടിവരുമെന്ന് ഒരിക്കലും കരുതിയതല്ല. അതും സംഭവിക്കുന്നു. പക്ഷേ, കളി തിരിച്ചുവന്നല്ലോ എന്ന് ആശ്വസിക്കാം. കോവിഡ് വ്യാപനത്തോടെ ലോക്ക് വീണ ക്രിക്കറ്റ് മത്സരത്തിന് ബുധനാഴ്ച പുനരാരംഭം. ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് മത്സരം വൈകീട്ട് 3.30 മുതല്‍ സതാംപ്ടണിലെ റോസ്ബൗള്‍ സ്റ്റേഡിയത്തില്‍.
ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ മൂന്നു ടെസ്റ്റുകളുടെ പരമ്പരയാണിത്. രണ്ടും മൂന്നും ടെസ്റ്റുകള്‍ മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡില്‍ നടക്കും. മാര്‍ച്ച് രണ്ടിന് ശേഷം ആദ്യമായാണ് ടെസ്റ്റ് മത്സരം നടക്കുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ അഞ്ചില്‍ ജയിച്ച ഇംഗ്ലണ്ട് 146 പോയന്റുമായി നാലാം സ്ഥാനത്താണിപ്പോള്‍. വെസ്റ്റിന്‍ഡീസ് കളിച്ച രണ്ട് ടെസ്റ്റുകളും തോറ്റ് എട്ടാം സ്ഥാനത്തും. 360 പോയന്റുമായി ഇന്ത്യയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്.
ഓള്‍റൗണ്ട് പോരാട്ടം
വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമനാണിപ്പോള്‍. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. ഹോള്‍ഡര്‍ വിന്‍ഡീസിന്റെ പരിചയസമ്പന്നനായ നായകനാണെങ്കില്‍, സ്റ്റോക്‌സിന് ഇത് അപ്രതീക്ഷിതമാണ്. സ്ഥിരം നായകന്‍ ജോ റൂട്ട് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അവധിയായതിനാലാണ് സ്റ്റോക്‌സിന് നറുക്കുവീണത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ മാറ്റങ്ങളോടെയാണ് ടെസ്റ്റ് മത്സരം നടക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തി ബയോ സെക്യൂര്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനമില്ല. ആതിഥേയരാജ്യത്തെ രണ്ട് അമ്പയര്‍മാരാണ് കളി നിയന്ത്രിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കൈകൊടുക്കലും കെട്ടിപ്പിടിത്തവും അനുവദിക്കില്ല.
പന്തിന് മിനുസം കൂട്ടാന്‍ തുപ്പല്‍ ഉപയോഗിക്കാന്‍ പാടില്ല. തുപ്പല്‍ ഉപയോഗിച്ചാല്‍ ആദ്യ രണ്ടുവട്ടം മുന്നറിയിപ്പ് നല്‍കും. ആവര്‍ത്തിച്ചാല്‍ ബാറ്റിങ് ടീമിന് അഞ്ചുറണ്‍സ് ബോണസായി നല്‍കും.
പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സന്‍, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, മാര്‍ക്ക് വുഡ് എന്നിവരുള്‍പ്പെട്ട ഇംഗ്ലണ്ടിന്റെ പേസ് പട അതിശക്തമാണ്. ബ്രോഡിനെ ആദ്യ ടെസ്റ്റില്‍ കളിപ്പിക്കാനിടയില്ല. ഷാനണ്‍ ഗബ്രിയേല്‍, കെമര്‍ റോച്ച്, അല്‍സാരി ജോസഫ് എന്നിവരുള്‍പ്പെട്ട വെസ്റ്റിന്‍ഡീസ് ബൗളിങ് നിരയും ശക്തമാണ്.
Content Highlights: England vs West Indies 1st Test at Southampton starts today
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..