ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. 239 റണ്‍സിനാണ് ഇംഗ്ലീഷ് ടീമിന്റെ വിജയം. വിജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് അപരാജിത ലീഡ് സ്വന്തമാക്കി (2-1). ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ ബെന്‍ സ്റ്റോക്സാണ് കളിയിലെ കേമന്‍.

സ്‌കോര്‍: ഇംഗ്ലണ്ട് 353, എട്ടിന് 313 ഡിക്ല.; ദക്ഷിണാഫ്രിക്ക 175, 252.

അഞ്ചാം ദിനം നാലിന് 117 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയെ ഹാട്രിക് നേടിയ മോയീന്‍ അലിയുടെ ബൗളിങ് പ്രകടനമാണ് തകര്‍ത്തത്. നാലു വിക്കറ്റുകളാണ് മോയീന്‍ വീഴ്ത്തിയത്. വിജയിക്കാന്‍ 492 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഡീന്‍ എല്‍ഗര്‍ക്ക് (136) മാത്രമാണ് തിളങ്ങാനായത്. ടെംബ ബാവുമ (32), ക്രിസ് മോറിസ് (24), കേശവ് മഹാരാജ് (24) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 

100 ടെസ്റ്റുകള്‍ മത്സരങ്ങള്‍ പിന്നിട്ട ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ആദ്യ ടെസ്റ്റ് ഹാട്രിക്കാണ് മോയീന്‍ അലിയുടേത്. 76-ാം ഓവറിന്റെ അഞ്ചാം പന്തില്‍ എല്‍ഗറിനെയും ആറാം പന്തില്‍ കാഗിസോ റബാഡയെയും പുറത്താക്കിയ അലി 78-ാം ഓവറിന്റെ ആദ്യ പന്തില്‍ മോണി മോര്‍ക്കലിനെ വിക്കറ്റിനുമുന്നില്‍ കുരുക്കിയാണ് ഹാട്രിക് നേട്ടം ആഘോഷിച്ചത്