സതാംപ്റ്റൺ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പാകിസ്താന്റെ നില പരുങ്ങലിൽ. മൂന്നാം ദിനം ബാറ്റിങ് തുടരുന്ന പാകിസ്താൻ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഒന്നാമിന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 41 റൺസെന്ന നിലയിലാണ്. ഷാൻ മസൂദ് (4), ആബിദ് അലി(1), ബാബർ അസം(11), ആസാദ് ഷഫീഖ് (5) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്താന് നഷ്ടമായത്. നാല് വിക്കറ്റും വീഴ്ത്തിയത് പേസ് ബൗളർ ജെയിംസ് ആൻഡേഴ്സണാണ്.

നേരത്തെ ഇംഗ്ലണ്ട് ഒന്നാമിന്നിങ്സ് എട്ടു വിക്കറ്റിന് 583 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. 267 റൺസ് അടിച്ച സാക് ക്രാവ്ലിയും 152 റൺസ് നേടിയ ജോസ് ബട്ലറുമാണ് ആതിഥേയർക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. സാക് ക്രാവ്ലി 393 പന്തിൽ 34 ഫോറും ഒരു സിക്സും സഹിതം 267 റൺസ് നേടിയപ്പോൾ 311 പന്തിൽ 13 ഫോറും രണ്ട് സിക്സുമടക്കം 152 റൺസാണ് ബട്ലർ അടിച്ചെടുത്തത്. ഇരുവരും അഞ്ചാം വിക്കറ്റിൽ 359 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 40 റൺസോടെ ക്രിസ് വോക്സ് ഇരുവർക്കും പിന്തുണ നൽകി. പാകിസ്താനായി ഷഹീൻ അഫ്രീദി, യാസിർ ഷാ, ഫവാദ് ആലം എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു. ആകെ മൂന്നു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

Content Highlights: England vs Pakistan Third Test Cricket Day 3