ലണ്ടൻ: പാകിസ്താനെതിരായ ഏകദിന, ട്വന്റി-20 പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് തിരിച്ചടി. ടീമിലെ ഏഴു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടീമിലെ മൂന്നു താരങ്ങൾക്കും നാല് ഒഫീഷ്യൽസിനുമാണ് രോഗം സ്ഥിരീകരിച്ചത്. പരമ്പരയ്ക്ക് മുന്നോടിയായി ബ്രിസ്റ്റോളിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇവരുമായി അടുത്ത് ഇടപഴകിയതിനാൽ ടീമിലെ മറ്റു താരങ്ങളെ ഐസലേഷനിലേക്ക് മാറ്റി. ബയോ സെക്യുർ ബബ്ൾ സംവിധാനമുണ്ടായിട്ടും ടീമിൽ കോവിഡ് സ്ഥിരീകരിച്ചത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

അതേസമയം ഇംഗ്ലണ്ട്-പാകിസ്താൻ പരമ്പര മാറ്റമില്ലാതെ നടക്കും. ജൂലൈ എട്ടിനാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ജൂലൈ 20 വരെ നീണ്ടുനിൽക്കുന്ന പരമ്പരയിൽ മൂന്നു വീതം ഏകദിനങ്ങളും ട്വന്റി-20 മത്സരങ്ങളുമാണുള്ളത്.

ബെൻ സ്റ്റോക്ക്സിന്റെ നേതൃത്വത്തിൽ പുതിയ ടീമാകും പാകിസ്താനെതിരേ കളിക്കുക. ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷമാണ് സ്റ്റോക്ക്സ് ടീമിൽ തിരിച്ചെത്തുന്നത്. പുതിയ ടീമിന്റെ ഭാഗമാകുന്നതിന്റെ ഭാഗമായി കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്ന ചില താരങ്ങൾ മത്സരങ്ങളിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

Content Highlights:England vs Pakistan Seven Members Of England Mens ODI Contingent Test Positive For Covid 19