സതാംപ്റ്റൺ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്താൻ പരുങ്ങലിൽ. രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി അവസാനിപ്പിച്ചപ്പോൾ പാകിസ്താൻ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 223 റൺസെന്ന നിലയിലാണ്. 60 റൺസോടെ മുഹമ്മദ് റിസ്വാനും ഒരു റണ്ണോടെ നസീം ഷായുമാണ് ക്രീസിൽ. ഇംഗ്ലണ്ടിനായി ഇതുവരെ ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 126 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ പാകിസ്താനെ തുണച്ചത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ റിസ്വാന്റെ പ്രകടനമാണ്. റിസ്വാൻ ഇതുവരെ 116 പന്തിൽ അഞ്ചു ഫോറിന്റെ സഹായത്തോടെ 60 റൺസ് നേടിയിട്ടുണ്ട്. 47 റൺസ് നേടിയ ബാബർ അസം, അഞ്ചു റൺസെടുത്ത യാസിർ ഷാ, റൺസെടുക്കും മുമ്പ് ഷഹീൻ അഫ്രീദി, രണ്ടു റൺസെടുത്ത മുഹമ്മദ് അബ്ബാസ് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം പാകിസ്താന് നഷ്ടമായത്. ഒരു ഘട്ടത്തിൽ പാകിസ്താൻ എട്ടു വിക്കറ്റിന് 176 റൺസെന്ന നിലയിലായിരുന്നു. തുടർന്ന് ഒമ്പതാം വിക്കറ്റിൽ റിസ്വാനും അബ്ബാസും ചേർന്ന് 39 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഇതോടെ പാകിസ്താന്റെ സ്കോർ 200 റൺസ് പിന്നിട്ടു.

മഴ മൂലം 45 ഓവർ ആയി ചുരുക്കിയ ഒന്നാം ദിനം ഓപ്പണർ ആബിദ് അലിയുടെ പ്രകടനമാണ് പാകിസ്താനെ മുന്നോട്ടുനയിച്ചത്. 111 പന്തുകൾ നേരിട്ട് ഏഴു ഫോറുകളടക്കം ആബിദ് അലി നേടിയത് 60 റൺസാണ്. രണ്ടാം വിക്കറ്റിൽ ആബിദ് അലി ക്യാപ്റ്റൻ അസ്ഹർ അലിക്കൊപ്പം 72 റൺസിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. 20 റൺസാണ് അസ്ഹർ അലിയുടെ സംഭാവന. അതേസമയം 11 വർഷത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ ഫവാദ് ആലം പൂജ്യത്തിന് പുറത്തായി. ഷാൻ മസൂദ് (1), ആസാദ് ഷഫീഖ് (5) എന്നിവരാണ് ആദ്യ ദിനം പുറത്തായ മറ്റു താരങ്ങൾ.