നോട്ടിങ്ഹാമില്‍ പാകിസ്താന്‍-ഇംഗ്ലണ്ട് ഏകദിന പരമ്പര ബാറ്റ് കൊണ്ടും പന്തു കൊണ്ടും തീര്‍ത്തത് റെക്കോഡുകളുടെ പെരുമഴ. ടീമിനത്തിലും വ്യക്തിഗത വിഭാഗത്തിലും അഞ്ച് റെക്കോഡുകളാണ് നോട്ടിങ്ഹാമില്‍ പിറന്നത്. 

റെക്കോഡ് സ്‌കോറുമായി ഇംഗ്ലണ്ട്

england vs pakistan

പാകിസ്താനെ തച്ചുടച്ച് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ താണ്ഡവമാടിയപ്പോള്‍ ഏകദിന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോറാണ് നോട്ടിങ്ഹാമില്‍ പിറന്നത്.  50 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 444 റണ്‍സ് ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയപ്പോള്‍ 2006ല്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ശ്രീലങ്ക നേടിയ ഒന്‍പതിന് 443 എന്ന സ്‌കോറാണ് പഴങ്കഥയായത്. 43 ഫോറിന്റെയും 16 സിക്‌സിന്റെയും അകമ്പടിയോടൊണ് ഇംഗ്ലണ്ട് ചരിത്ര നേട്ടത്തിലെത്തിയത്.

ചരിത്ര നേട്ടവുമായി അലക്‌സ് ഹെയ്ല്‍സ്

Alex Hales

23 വര്‍ഷങ്ങളായി ഇളക്കം തട്ടാതിരുന്ന റെക്കോഡ് അലക്‌സ്  ഹെയ്ല്‍സ് നോട്ടിങ്ഹാമില്‍ മാറ്റിയെഴുതി. ഏകദിനത്തില്‍ ഒരു ഇംഗ്ലീഷുകാരന്‍ നേടുന്ന ഏറ്റവുമയര്‍ന്ന സ്‌കോറാണ് മത്സരത്തില്‍ ഹെയ്ല്‍സ് സ്വന്തം പേരില്‍ കുറിച്ചത്. പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിറം മങ്ങിപ്പോയ ഹെയ്ല്‍സ് (7,14) മൂന്നാം ഏകദിനത്തില്‍ വ്ശ്വരൂപം പുറത്തെടുത്തു.

ഓപ്പണറായി ഇറങ്ങിയ ഹെയ്ല്‍സ് 122 പന്തില്‍ നിന്ന് 22 ഫോറിന്റെയും നാല് സിക്‌സിന്റെയും പിന്‍ബലത്തില്‍ 171 റണ്‍സാണ് നേടിയത്. 165 റണ്‍സില്‍ എത്തിനില്‍ക്കെ ഒരു എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച ഹെയില്‍സ് ബൗണ്ടറിയിലൂടെയാണ് റെക്കോഡ് സ്‌കോര്‍ കണ്ടെത്തിയത്. 1993ല്‍ ഓസ്‌ട്രേലിയക്കെതിരെ എഡ്ജ്ബാസ്റ്റണില്‍ റോബിന്‍ സ്മിത്ത് പുറത്താകാതെ നേടിയ 167 റണ്‍സായിരുന്നു ഏകദിനത്തിലെ ഒരു ഇംഗ്ലീഷ് കളിക്കാരന്റെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍.

നാണക്കേടിന്റെ സെഞ്ച്വറിയടിച്ച് വഹാബ് റിയാസ് 

wahab riaz

പാകിസ്താന്റെ പേസ് ബൗളര്‍ വഹാബ് റിയാസിന് ഇത് നാണക്കേടിന്റെ മത്സരമായിരുന്നു. വഹാബ് റിയാസ് ഒരിക്കലും ഓര്‍മിക്കാന്‍ ഇഷ്ടപ്പെടാത്ത മത്സരം. 10 ഓവറില്‍ 110 റണ്‍സ് വഴങ്ങിയ വഹാബിന്റെ ബൗളിങ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ നന്നായി മുതലെടുത്തു. ഇതോടെ നൂറിലേറെ റണ്‍സ് വഴങ്ങുന്ന ആദ്യ പാകിസ്താന്‍ ബൗളറെന്ന എന്ന അപഖ്യാതിയും ഏകദിന ചരിത്രത്തിലെ ധാരാളിയായ രണ്ടാമത്തെ ബൗളര്‍ എന്ന നാണക്കേടും റിയാസിന്റെ പേരിലായി.

113 റണ്‍സ് വഴങ്ങിയ ഓസീസ് ബൗളറായിരുന്ന മിക് ലൂയിസാണ് പട്ടികയിലെ ഒന്നാമന്‍. ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന പാകിസ്താന്‍ ബൗളര്‍മാരുടെ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇത് മൂന്നാം തവണയാണ് റിയാസ് ഇടം പിടിക്കുന്നത്. 

അതിവേഗ അര്‍ധശതകവുമായി ജോസ് ബട്ലര്‍

jose butler

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ മുപ്പത്തിയെട്ടാമത്തെ ഓവറിലാണ് ജോസ് ബട്ലര്‍ ക്രീസിലെത്തിയത്. 22 പന്തില്‍ നിന്ന് ബട്ലര്‍ 50 റണ്‍സ് പൂര്‍ത്തിയാക്കി. ഇതോടെ ഇംഗ്ലണ്ടിന് ട്വന്റി-ട്വന്റി കിരീടം സമ്മാനിച്ച പോള്‍ കോളിങ്‌വുഡിന്റെ പേരിലുള്ള ഏറ്റവും വേഗത്തിലുള്ള അര്‍ധശതകമെന്ന റെക്കോഡ് ബട്ലര്‍ മറികടന്നു. 24 പന്തില്‍ നിന്നായിരുന്നു കോളിങ്‌വുഡ് അര്‍ധ ശതകം പൂര്‍ത്തിയാക്കിയിരുന്നത്.

ഒരു ഘട്ടത്തില്‍ ബട്ട്‌ലര്‍ സെഞ്ച്വറി തികയ്ക്കുമെന്ന പ്രതീതി ഉണ്ടാക്കിയെങ്കിലും സെഞ്ച്വറിക്ക് പത്ത് റണ്‍സകലെ മത്സരം അവസാനിച്ചു. അര്‍ധ ശതകത്തില്‍ നിന്നും 90 റണ്‍സിലെത്താന്‍ ബട്ലര്‍ ചെലവഴിച്ചത് 29 പന്തുകളാണ്. ഏഴു വീതം ഫോറുകളും സിക്‌സുകളും ബട്ട്‌ലറിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 

പാകിസ്താന് ആശ്വാസമായി ആമിര്‍

Mohammad Amir

വിവാദങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ പേസര്‍ മുഹമ്മദ് ആമിര്‍ വന്‍ പരാജയത്തിനിടയിലും പാകിസ്താന് ആശ്വാസമായി. ബൗളറായ ആമിര്‍ ബാറ്റ്‌സ്മാന്റെ റോളിലേക്ക് മാറിയാണ് പാകിസ്താന് മത്സരത്തിന് അവസാനം ആശ്വാസം നല്‍കിയത്. വന്‍ പരാജയത്തിലേക്ക് നീങ്ങുകയായിരുന്ന പാകിസ്താനെ അല്‍പമെങ്കിലും ഒന്ന് പിടിച്ചുയര്‍ത്തിയത് പതിനൊന്നാമനായി ക്രീസിലെത്തിയ ആമിറാണ്. 

ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം മുന്നില്‍ കണ്ട പാകിസ്താന് ആ നാണക്കേടില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ 13 റണ്‍സ് കൂടി വേണമായിരുന്നു. എന്നാല്‍ പ്രതീക്ഷക്കപ്പുറം ബാറ്റേന്തിയ ആമിര്‍ 28 പന്തുകളില്‍ നിന്നും 58 റണ്‍സ് നേടി ഏകദിന ചരിത്രത്തില്‍ ആദ്യമായി അര്‍ധശതകം നേടുന്ന പതിനൊന്നാമനായി മാറി. അദില്‍ റഷീദിന്റെ പന്ത് തുടര്‍ച്ചയായി മൂന്നു തവണ അതിര്‍ത്തി കടത്തിയാണ് ആമിര്‍ ഈ നേട്ടം സ്വന്തമാക്കിയത്. പാകിസ്താന്‍ താരം തന്നെയായ ഷൊയിബ് അക്തര്‍ 2003ല്‍ നേടിയ 43 റണ്‍സാണ് ആമിര്‍ മറികടന്നത്.