മാഞ്ചസ്റ്റർ: പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 277 റൺസ് വിജയലക്ഷ്യം. 107 റൺസ് ഒന്നാമിന്നിങ്സ് ലീഡുമായി രണ്ടാമിന്നിങ്സിനിറങ്ങിയ പാകിസ്താനെ ഇംഗ്ലണ്ട് 169 റൺസിന് ചുരുട്ടിക്കൂട്ടി. എട്ടു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് തുടങ്ങിയ പാകിസ്താന് 32 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിക്കുന്ന രണ്ട് വിക്കറ്റ് കൂടി നഷ്ടമായി.

മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും രണ്ടു വിക്കറ്റ് വീതം നേടിയ ക്രിസ് വോക്സും ബെൻ സ്റ്റോക്ക്സുമാണ് പാക് ബാറ്റിങ് നിരയെ പെട്ടെന്ന് തിരിച്ചയച്ചത്. 33 റൺസെടുത്ത യാസിർ ഷായാണ് സന്ദർശകരുടെ ടോപ്പ് സ്കോറർ. നാല് ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി. ഒന്നാം ഇന്നിങ്സിലെ സെഞ്ചുറി ഹീറോ ഷാൻ മസൂദ് പൂജ്യത്തിനും ബാബർ അസം അഞ്ച് റൺസിനും ക്രീസ് വിട്ടു.

നേരത്തെ പാകിസ്താന്റെ ഒന്നാമിന്നിങ്സ് സ്കോറായ 326 റൺസിനെതിരേ 219 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ഇതോടെ പാകിസ്താന് 107 റൺസിന്റെ നിർണായക ലീഡ് ലഭിച്ചു. നാല് വിക്കറ്റെടുത്ത യാസിർ ഷായുടെ ബൗളിങ്ങിൽ ആതിഥേയർ തകരുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോൾ അഞ്ചിന് 159 റൺസെന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന് 60 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിക്കുന്ന വിക്കറ്റുകൾ നഷ്ടമായി. 62 റൺസെടുത്ത ഒലി പോപ്പിന് ഒഴികെ മറ്റാർക്കും പിടിച്ചുനിൽക്കാനായില്ല.

ഓപ്പണർ ഷാൻ മസൂദിന്റെ 156 റൺസ് പ്രകടനാണ് പാകിസ്താന് ഒന്നാമിന്നിങ്സിൽ 326 റൺസ് നൽകിയത്. 319 പന്തുകൾ നേരിട്ട് 18 ഫോറിന്റേയും രണ്ട് സിക്സിന്റേയും അകമ്പടിയോടെ ആയികുന്നു മസൂദിന്റെ 156 റൺസ്. സ്റ്റുവർട്ട് ബ്രോഡും ജോഫ്ര ആർച്ചറും ഇംഗ്ലണ്ടിനായി മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ രണ്ടിന്നിങ്സിലുമായി ബ്രോഡ് ആറു വിക്കറ്റ് നേടി.

Content Highlights: England vs Pakistan First Test Cricket Day 4