മാഞ്ചസ്റ്റർ: പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് പരുങ്ങലിൽ. മഴമൂലം മത്സരം കുറച്ചുസമയം തടസ്സപ്പെട്ട മൂന്നാം ദിനം ഇംഗ്ലണ്ട് ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെന്ന നിലയിലാണ്. 38 റൺസുമായി ജോസ് ബട്ലറും 15 റൺസോടെ ക്രിസ് വോക്സുമാണ് ക്രീസിൽ. പാകിസ്താന്റെ ഒന്നാമിന്നിങ്സ് സ്കോറിനൊപ്പമെത്താൻ ഇംഗ്ലണ്ടിന് ഇനിയും 167 റൺസ് വേണം.

നാല് റൺസെടുത്ത റോറി ബേൺസ്, എട്ടു റൺസടിച്ച ഡോം സിബ്ലി, 14 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ട്, ബെൻ സ്റ്റോക്ക്സ് (0), 62 റൺസെടുത്ത ഒലി പോപ്പ് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 64 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒലി പോപ്പും ജോസ് ബട്ലറും ചേർന്ന് 65 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഒലി പോപ്പിനെ പുറത്താക്കി നസീം ഷായാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 117 പന്തിൽ എട്ടു ഫോറിന്റെ സഹായത്തോടെയായിരുന്നു പോപ്പിന്റെ 62 റൺസ്.

പാകിസ്താനായി മുഹമ്മദ് അബ്ബാസ് ഇതുവരെ രണ്ട് വിക്കറ്റെടുത്തപ്പോൾ നസീം ഷാ, ഷഹീൻ അഫ്രീദി, യാസിർ ഷാ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ പാകിസ്താൻ 326 റൺസ് നേടിയിരുന്നു. ഓപ്പണർ ഷാൻ മസൂദിന്റെ തകർപ്പൻ സെഞ്ചുറിയാണ് പാകിസ്താനെ മികച്ച സ്കോറിലെത്തിച്ചത്. 319 പന്തുകൾ നേരിട്ട മസൂദ് 18 ഫോറും രണ്ടു സിക്സും സഹിതം 156 റൺസെടുത്തു. 106 പന്തുകൾ നേരിട്ട ബാബർ അസം 11 ഫോറുകൾ സഹിതം 69 റൺസെടുത്ത് മസൂദിന് പിന്തുണ നൽകി. ആറാം വിക്കറ്റിലാണ് പാകിസ്താൻ ഇന്നിങ്സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. ഷാൻ മസൂദും ഷതാബ് ഖാനും ചേർന്ന് അടിച്ചെടുത്തത് 105 റൺസ്. ഷതാബ് 45 റൺസ് നേടി.

ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചറും സ്റ്റുവർട്ട് ബ്രോഡും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ് വോക്സ് രണ്ടു വിക്കറ്റെടുത്തു.

Content Highlights: England vs Pakistan First Test Cricket Day 3