മാഞ്ച്സറ്റര്‍: പാകിസ്താനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയം. രണ്ടാം ഇന്നിങ്സില്‍ ജെയിംസ് ആന്‍ഡേഴ്സണിന്റെയും മൊയിന്‍ അലിയുടെയും ക്രിസ് വോക്സിന്റെയും ബൗളിങ് മികവില്‍ 330 റണ്‍സിനാണ് ഇംഗ്ലണ്ട് പാകിസ്താനെ തോല്‍പ്പിച്ചത്.
565 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയ പാകിസ്താന് 234 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ രണ്ട് മത്സരം ബാക്കി നില്‍ക്കെ പാകിസ്താനും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പമെത്തി (1-1).
ആദ്യ ഇന്നിങ്സില്‍ 254 റണ്‍സും രണ്ടാം ഇന്നിങ്സില്‍ പുറത്താകാതെ 71 റണ്‍സുമടിച്ച ജോ റൂട്ടാണ് കളിയിലെ താരം. രണ്ടിന്നിങ്സുകളിലുമായി ക്രിസ് വോക്സ് ഏഴ് വിക്കറ്റ് വീഴ്ത്തി. ഓഗ്സറ്റ് മൂന്ന് മുതല്‍ ഏഴ് വരെ ബെര്‍മിങ്ഹാമിലാണ് മൂന്നാം ടെസ്റ്റ്.