മാഞ്ചെസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ പാകിസ്താന് 244 റൺസ് ലീഡ്.
ഒന്നാം ഇന്നിങ്സിൽ 326 റൺസെടുത്ത പാകിസ്താനെതിരേ ഇംഗ്ലണ്ട് 219 റൺസിന് പുറത്തായിരുന്നു. ഒന്നാം ഇന്നിങ്സിൽ 107 റൺസ് ലീഡുമായി രണ്ടാമിന്നിങ്സിൽ ബാറ്റിങിനിറങ്ങിയ പാകിസ്താൻ മൂന്നാം ദിനം കളി നിർത്തുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെന്ന നിലയിലാണ്.
യാസിർ ഷായും (12*) റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് അബ്ബാസുമാണ് ക്രീസിൽ. ബാറ്റിങ് ദുഷ്കരമാവുന്ന പിച്ചിൽ രണ്ടാം വട്ടമെത്തുമ്പോൾ ഇംഗ്ലണ്ട് കടുത്ത വെല്ലുവിളി നേരിടേണ്ടിവരും.
രണ്ടാം ഇന്നിങ്സിൽ പാക് താരങ്ങൾക്കാർക്കും പിടിച്ചുനിൽക്കാനായില്ല. ഒന്നാം ഇന്നിങ്സിലെ ഹീറോ ഷാൻ മസൂദ് പൂജ്യത്തിനും സൂപ്പർതാരം ബാബർ അസം അഞ്ച് റൺസിനും പുറത്തായി. 29 റൺസെടുത്ത ആസാദ് ഷഫീഖാണ് ടോപ്സ്കോറർ. സ്റ്റുവർട്ട് ബ്രോഡ്, ക്രിസ് വോക്സ്, ബെൻ സ്റ്റോക്സ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ നാലിന് 92 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് 219-ന് പുറത്തായി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ച് വിക്കറ്റിന് 159 റൺസെടുത്തിരുന്ന ഇംഗ്ലണ്ടിന്റെ ശേഷിച്ച വിക്കറ്റുകൾ 60 റൺസിനിടെയാണ് വീണത്. നാല് വിക്കറ്റെടുത്ത യാസിർ ഷായാണ് ആതിഥേയരുടെ പതനം വേഗത്തിലാക്കിയത്. 62 റൺസെടുത്ത ഒലി പോപ്പാണ് ഇംഗ്ലണ്ടിന്റെ ടോപ്സ്കോറർ.
നേരത്തെ ഓപ്പണർ ഷാൻ മസൂദിന്റെ (156) തകർപ്പൻ സെഞ്ചുറിയാണ് പാകിസ്താനെ മികച്ച സ്കോറിലെത്തിച്ചത്. 319 പന്തുകൾ നേരിട്ട മസൂദ് 18 ഫോറും രണ്ടു സിക്സുമുൾപ്പെടെയാണ് 156 റൺസെടുത്തത്.
Content Highlights: England vs Pakistan 1st Test Day 3 Pakistan lead England by 244