ബര്‍മിങ്ഹാം: പാകിസ്താനെതിരായ മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 297 ന് പുറത്തായി. ബൗളിങ്ങിനെ തുണയ്ക്കുന്ന ബര്‍മിങ്ഹാം പിച്ചില്‍ ടോസ് നേടിയ പാകിസ്താന് ക്യാപ്റ്റന്‍ മിസ്ബാ ഉള് ഹഖ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലാണ് പാക് ബൗളര്‍മാര്‍ പന്തെറിഞ്ഞത്.
ഫാസ്റ്റ് ബൗളര്‍ സൊഹൈല്‍ ഖാന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിനെ തകര്‍ത്തത്. 2011 ശേഷം പരിക്ക് മൂലം പുറത്തിരുന്ന സൊഹൈല്‍ ഖാന് തന്റെ തിരിച്ചുവരവ് മനോഹരമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ അത്ര സുഖകരമായിരുന്നില്ല.
സ്കോര്‍ 48 ല്‍ എത്തിയപ്പോഴേക്കും ഓപ്പണര്‍ ഹെയില്‍സിനേയും (17) ജോ റൂട്ടിനേയും (3) പുറത്താക്കി സൊഹൈല്‍ ഖാന് ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി. പിന്നീടെത്തിയ ജെയിംസ് വിന്‍സിനെ (39) കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക് (45) ഇന്നിങ്സിന് അടിത്തറയിടാന്‍ ശ്രമിച്ചെങ്കിലും കുക്കിനെ പുറത്താക്കി റാഹത് അലി ഇംഗ്ലണ്ടിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി.
നാലാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന ഗാരി ബാലന്‍സ് - ജെയിംസ് വിന്‍സ് കൂട്ടുകെട്ട് 69 റണ്‍സ് ചേര്‍ത്ത് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. എന്നാല്‍ വിന്‍സിനെ പുറത്താക്കി സൊഹൈല്‍ ഖാന് ആ കൂട്ടുകെട്ട് പൊളിച്ചു.
പിന്നിടെത്തിയ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോ (9) പെട്ടെന്ന് പുറത്തായെങ്കിലും ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബാലന്‍സ്- മൊയിന്‍ അലി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
66 റണ്‍സാണ് സഖ്യം കൂട്ടിച്ചേര്‍ത്തത്. 150 പന്തുകള്‍ നേരിട്ട ബാലന്‍സ് 11 ഫോറുകള്‍ ഉള്‍പ്പടെയാണ് 70 റണ്‍സ് നേടി. 118 പന്തുകള്‍ നേരിട്ട അലി ഏഴ് ഫോറുകള്‍ ഉള്‍പ്പടെയാണ് 63 റണ്‍സ് സ്കോര്‍ ചെയ്തു.
സൊഹൈല്‍ ഖാന് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ആമിര്‍ റാഹത് അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും യാസിര്‍ ഷാ ഒരു വിക്കറ്റും നേടി. നാല് ടെസ്റ്റുകളുടെ പരമ്പര 1-1 ന് സമനിലയിലാണിപ്പോള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..