ലോർഡ്സ്: ന്യൂസീലന്റിനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് 273 റൺസ് വിജയലക്ഷ്യം. ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് ന്യൂസീലന്റ് രണ്ടാം ഇന്നിങ്സ് ആറു വിക്കറ്റിന് 169 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.

രണ്ടാം ഇന്നിങ്സിൽ ന്യൂസീലന്റിന് ബാറ്റിങ് തകർച്ച നേരിട്ടു. 159 റൺസെടുക്കുന്നതിനിടയിൽ അവർ ആറു വിക്കറ്റുകൾ നഷ്ടപ്പെടുത്തി. ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൺ ഒരു റണ്ണിന് പുറത്തായപ്പോൾ 10 റൺസായിരുന്നു നെയ്ൽ വാഗ്നറുടെ സമ്പാദ്യം. ടോം ലാഥം (36), റോസ് ടെയ്ലർ (33) എന്നിവർക്കൊപ്പം 23 റൺസുമായി ഹെൻട്രി നിക്കോൾസ് പൊരുതി നോക്കിയെങ്കിലും ഇംഗ്ലണ്ട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിനായി ഒലി റോബിൻസൺ മൂന്നു വിക്കറ്റ് നേടി.

നേരത്തെ ഇരട്ട സെഞ്ചുറി നേടിയ ഡേവൺ കോൺവേയുടെയും 61 റൺസെടുത്ത ഹെൻട്രി നിക്കോൾസിന്റേയും ബാറ്റിങ് മികവിൽ ന്യൂസീലന്റ് 378 റൺസ് അടിച്ചെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 275 റൺസിന് പുറത്തായി. ഇതോടെ ന്യൂസീലന്റിന് ആദ്യ ഇന്നിങ്സിൽ 103 റൺസിന്റെ ലീഡ് ലഭിച്ചു. 132 റൺസെടുത്ത റോറി ബേൺസാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറർ. 42 റൺസോടെ ജോ റൂട്ടും ഒലി റോബിൻസണും റോറിക്ക് പിന്തുണ നൽകി.

Content Highlights: England vs New Zealand Test Cricket