സതാംപ്റ്റൺ: ജോണി ബെയർസ്റ്റോവിന്റെ വെടിക്കെട്ടിൽ അയർലന്റിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. രണ്ടാം ഏകദിനത്തിൽ നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. 213 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 32.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയതീരത്തെത്തി.
41 പന്തിൽ 14 ഫോറും രണ്ടു സിക്സും സഹിതം 82 റൺസ് നേടിയ ബെയർസ്റ്റോവിന്റെ പ്രകടനത്തിനൊപ്പം ഏഴാം വിക്കറ്റിൽ ഡേവിഡ് വില്ലി-സാം ബില്ലിങ്സ് കൂട്ടുകെട്ടും ഇംഗ്ലണ്ടിനെ തുണച്ചു. ഇരുവരും പുറത്താകാതെ 79 റൺസ് കൂട്ടുകെട്ടാണുണ്ടാക്കിയത്. 61 പന്തിൽ ആറു ഫോറിന്റെ അകമ്പടിയോടെ സാം ബില്ലിങ്സ് 46 റൺസ് നേടിയപ്പോൾ അഞ്ചു ഫോറും രണ്ടു സിക്സും സഹിതം 46 പന്തിൽ 47 റൺസാണ് ഡേവിഡ് വില്ലി അടിച്ചെടുത്തത്.
അക്കൗണ്ട് തുറക്കും മുമ്പ് ഓപ്പണർ ജേസൺ റോയിയെ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ ഇംഗ്ലണ്ടിന് അടിത്തറ നൽകിയത് രണ്ടാം വിക്കറ്റിൽ ജെയിംസ് വിൻസിയെ കൂട്ടുപിടിച്ച് ബെയർസ്റ്റോ കൂട്ടിച്ചേർത്ത 71 റൺസാണ്. 16 റൺസെടുത്ത വിൻസിയെ പുറത്താക്കി കുർട്ടിസ് കാംപെർ ഈ കൂട്ടുകെട്ട് പൊളിച്ചു.
തൊട്ടുപിന്നാലെ ടോം ബാന്റണും (15) ബെയർസ്റ്റോവും ഇയാൻ മോർഗനും (0) മോയിൻ അലിയും (0) പുറത്തായതോടെ ഇംഗ്ലണ്ട് ആറു വിക്കറ്റിന് 137 റൺസെന്ന നിലയിലായി. പിന്നീട് വില്ലിയും ബില്ലി്ങ്സും ഒത്തുചേർന്ന് ഇംഗ്ലണ്ടിനെ രക്ഷിക്കുകയായിരുന്നു. അയർലന്റിനായി ജോഷ്വ ലിറ്റിൽ മൂന്നു വിക്കറ്റും കുർട്ടിസ് കാംപെർ രണ്ടു വിക്കറ്റും ക്രെയ്ഗ് യങ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റു ചെയ്ത അയർലന്റ് കുർട്ടിസ് കാംപെറുടെ ബാറ്റിങ് മികവിൽ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുക്കുകയായിരുന്നു. 87 പന്തിൽ എട്ടു ഫോറിന്റെ സഹായത്തോടെ കാംപെർ 68 റൺസ് നേടി. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്നു വിക്കറ്റ് നേടി. ഡേവിഡ് വില്ലിയും സാഖിബ് മഹ്മൂദും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ഇതോടെ ഏകദിന പരമ്പര 2-0ത്തിന് ആതിഥേയർ സ്വന്തമാക്കി. മൂന്നാം ഏകദിനം ചൊവ്വാഴ്ച്ച നടക്കും.
Content Highlights: England vs Ireland 2nd ODI Cricket