ട്രെന്‍ഡ് ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. രണ്ടാം ഇന്നിങ്‌സില്‍ മികച്ച തുടക്കമിട്ട ഇന്ത്യ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ ഇന്ത്യയുടെ ലീഡ്‌ 292 റണ്‍സായി. 

36 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. രാഹുലിനെ ബെന്‍ സ്റ്റോക്‌സ് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. 44 റണ്‍സെടുത്ത് ശിഖര്‍ ധവാനും പുറത്തായി

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 161 ന് പുറത്താക്കിയ ഇന്ത്യ 168 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരുന്നു. അഞ്ചു വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. പാണ്ഡ്യയുടെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്. വെറും  ആറ് ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് പാണ്ഡ്യ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുംമ്രയും രണ്ടു വിക്കറ്റെടുത്തു. ഷമി ഒരു വിക്കറ്റ് വീഴ്ത്തി.

അവസാന വിക്കറ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സനെ സാക്ഷിയാക്കി തകര്‍ത്തടിച്ച ജോസ് ബട്ട്‌ലറാണ് ഇംഗ്ലണ്ടിനെ 150 കടത്തിയത്. ഇരുവരും ചേര്‍ന്ന് അവസാന വിക്കറ്റില്‍ 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 32 പന്തില്‍ നിന്ന് രണ്ടു സിക്‌സും മുന്ന് ബൗണ്ടറികളുമടക്കം 39 റണ്‍സെടുത്ത ബട്ട്‌ലറെ ഒടുവില്‍ ബുംമ്ര പുറത്താക്കുകയായിരുന്നു. 

അലസ്റ്റയര്‍ കുക്ക് (29), കീറ്റണ്‍ ജെന്നിങ്‌സ് (20), ജോ റൂട്ട് (16), ഒലീ പോപ്പ് (10), ജോണി ബെയര്‍സ്‌റ്റോ (15), ബെന്‍ സ്‌റ്റോക്ക്‌സ് (10), ക്രിസ് വോക്‌സ് (8), ആദില്‍ റഷീദ് (5), സ്റ്റിയുവര്‍ട്ട് ബ്രോഡ് (0) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.

നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 329 റണ്‍സില്‍ അവസാനിച്ചിരുന്നു. ആദ്യ ദിനം ആറു വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആറു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച നാലു വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സന്‍, സ്റ്റ്യുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. അരങ്ങേറ്റ മത്സരം കളിക്കുന്ന ഋഷഭ് പന്ത് (24), രവിചന്ദ്രന്‍ അശ്വിന്‍ (14), മുഹമ്മദ് ഷാമി (3), ജസ്പ്രീത് ബുംമ്ര (0) എന്നിവരാണ് ഇന്ന് പുറത്തായത്. ഇഷാന്ത് ശര്‍മ ഒരു റണ്ണോടെ പുറത്താകാതെ നിന്നു.

ഒരുവേള മൂന്നിന് 82 റണ്‍സ് എന്ന ദയനീയ നിലയിലായിരുന്നു ഇന്ത്യയെ 159 റണ്‍സിന്റെ കൂട്ടുകെട്ടില്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് കോലിയും രഹാനെയും ചേര്‍ന്നാണ്. 152 പന്ത് നേരിട്ട് കോലിക്ക് (97) മൂന്ന് റണ്‍സ് അകലെവച്ചാണ് സെഞ്ചുറി നഷ്ടമായത്. പരമ്പരയില്‍ ആദ്യമായി ഫോം കണ്ടെത്തിയ രഹാനെ 131 പന്തില്‍ നിന്ന് 81 റണ്‍സെടുത്തു.