Photo: twitter.com/BCCI
ബര്‍മിങാം: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനമവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം ഏഴുവിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഋഷഭ്പന്തിന്റെയും അര്‍ധസെഞ്ചുറിയടിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് തുണയായത്. ഒന്നാം ദിനം മത്സരമവസാനിക്കുമ്പോള്‍ 83 റണ്‍സെടുത്ത് ജഡേജയും റണ്‍സെടുക്കാതെ മുഹമ്മദ് ഷമിയുമാണ് ക്രീസില്‍.
അഞ്ചിന് 98 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയ്ക്ക് ആറാം വിക്കറ്റില്‍ ഒന്നിച്ച ഋഷഭ് പന്ത് - രവീന്ദ്ര ജഡേജ സഖ്യമാണ് രക്ഷകരായത്. 222 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യമാണ് ഇന്ത്യന്‍ സ്കോര്‍ 300 കടത്തിയത്.
89 പന്തില്‍ സെഞ്ചുറി തികച്ച പന്ത് കരിയറിലെ അഞ്ചാം സെഞ്ചുറിയും ബര്‍മിങ്ങാമില്‍ കുറിച്ചു. 111 പന്തില്‍ നിന്ന് നാല് സിക്സും 20 ഫോറുമടക്കം 146 റണ്‍സെടുത്ത പന്തിനെ ഒടുവില്‍ ജോ റൂട്ടാണ് പുറത്താക്കിയത്. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡും പന്ത് സ്വന്തമാക്കി. 2005-06 പരമ്പരയില്‍ പാകിസ്താനെതിരേ 93 പന്തില്‍ നിന്ന് സെഞ്ചുറിയിലെത്തിയ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ റെക്കോഡാണ് പന്ത് മറികടന്നത്.
.jpg?$p=96c7897&w=610&q=0.8)
ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, പിന്നാലെ ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സണും രണ്ട് വിക്കറ്റെടുത്ത മാത്യു പോട്ട്സുമാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്.
നേരത്തെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലായിരുന്നു. ഒന്നാം സെഷനിടെ മഴയെത്തിയതോടെ അമ്പയര്‍മാര്‍ നേരത്തെ തന്നെ ഉച്ചഭക്ഷണത്തിന് പിരിയാന്‍ തീരുമാനിച്ചു. എന്നാല്‍ മഴ തുടര്‍ന്നതും ഔട്ട്ഫീല്‍ഡിലെ നനവും കാരണം രണ്ടാം സെഷനിലെ കളി തുടങ്ങാന്‍ വൈകി.
17 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ആദ്യം പുറത്തായത്. താരത്തെ ജെയിംസ് ആന്ഡേഴ്സണ് സാക്ക് ക്രൗളിയുടെ കൈയിലെത്തിക്കുകയായിരുന്നു. പിന്നാലെ 13 റണ്‍സെടുത്ത പൂജാരയേയും മടക്കി ജിമ്മി ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ടെസ്റ്റില്‍ 12-ാം തവണയാണ് പൂജാര ആന്‍ഡേഴ്സന്റെ മുന്നില്‍ വീഴുന്നത്. ഈ പരമ്പരയില്‍ ഇത് അഞ്ചാം തവണയാണ് ആന്ഡേഴ്സന് പൂജാരയെ പുറത്താക്കുന്നത്.
തുടര്‍ന്ന് 52 പന്തുകള്‍ പ്രതിരോധിച്ച വിഹാരിയെ മടക്കി മാത്യു പോട്ട്സ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. 20 റണ്‍സെടുത്താണ് വിഹാരി മടങ്ങിയത്. 19 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത കോലിക്കും പോട്ട്സിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. പോട്ട്സിന്റെ പന്ത് ലീവ് ചെയ്യാനുള്ള കോലിയുടെ ശ്രമം പിഴയ്ക്കുകയായിരുന്നു. ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റും കൊണ്ട് പറന്നു. പിന്നാലെ 15 റണ്‍സെടുത്ത ശ്രേയസിനെ ആന്ഡേഴ്സണ്, സാം ബില്ലിങ്സിന്റെ കൈകളിലെത്തിച്ചു.
.jpg?$p=e6f0b50&w=610&q=0.8)
തുടര്‍ന്നായിരുന്നു ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയ പന്ത് - ജഡേജ കൂട്ടുകെട്ട്. പന്തിനെ റൂട്ട് പുറത്താക്കിയതിനു പിന്നാലെ ശാര്‍ദുല്‍ താക്കൂറിനെ (1) ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സ് മടക്കി.
നേരത്തെ ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ തന്നെ ജസ്പ്രീത് ബുംറയ്ക്ക് ടോസ് നഷ്ടമായിരുന്നു. ടോസ് നേടിയ ആതിഥേയര്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കോവിഡ് ബാധിച്ചതോടെയാണ് ബുംറ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയത്. രോഹിത്തിന്റെ അഭാവത്തില്‍ ചേതേശ്വര്‍ പൂജാരയാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്.
കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയിലെ അഞ്ചാം മത്സരം കോവിഡിനെത്തുടര്‍ന്ന് അവസാനനിമിഷം മാറ്റുകയായിരുന്നു. അടുത്ത സൗകര്യപ്രദമായ സമയത്ത് അത് കളിക്കാനെത്താമെന്ന് ഇന്ത്യ ഉറപ്പുനല്‍കി. അതാണിപ്പോള്‍ നടക്കുന്നത്. പരമ്പരയില്‍ ഇന്ത്യ 2-1-ന് മുന്നിട്ടുനില്‍ക്കുകയാണ്.
Updating ...
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..