സതാംപ്റ്റൺ: ഓസ്ട്രേലിയക്കെതിരെ ട്വന്റി-29 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ റാങ്കിങ്ങിലും മുന്നേറ്റവുമായി ഇംഗ്ലണ്ട്. ഓസ്ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് ഒന്നാം റാങ്കിലെത്തി. പരമ്പര തുടങ്ങുന്നതിന് മുമ്പ് ഓസീസിനേക്കാൾ നാല് പോയിന്റ് പിന്നിലായിരുന്നു ഇംഗ്ലണ്ട്.

273 റേറ്റിങ് പോയിന്റോടെയാണ് ഇംഗ്ലണ്ട് ഒന്നാമതെത്തിയത്. ഇത്രേയും റേറ്റിങ് പോയിന്റുള്ള ഓസ്ട്രേലിയ രണ്ടാമതാണ്. 266 പോയിന്റുമായി ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്.

രണ്ടാം ട്വന്റി-20യിൽ ഏഴു പന്തു ശേഷിക്കെ ആറു വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇതോടെ 2-0ത്തിന് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കി. ആദ്യ ട്വന്റി-20യിലും ഇംഗ്ലണ്ട് വിജയിച്ചിരുന്നു.മൂന്നാം ട്വന്റി-20 മത്സരം ചൊവ്വാഴ്ച്ച നടക്കും.

ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

അക്കൗണ്ട് തുറക്കും മുമ്പ് ഓപ്പണർ ഡേവിഡ് വാർണറെ നഷ്ടമായ ഓസീസിന് പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടു. 33 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം 40 റൺസെടുത്ത ആരോൺ ഫിഞ്ചിന് ഒഴികെ മറ്റാർക്കും തിളങ്ങാനായില്ല. മാർക്കസ് സ്റ്റോയിൻസ് 26 പന്തിൽ രണ്ടു വീതം ഫോറും സിക്സും സഹിതം 35 റൺസ് നേടി.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് ജോണി ബെയർസ്റ്റോയെ വേഗത്തിൽ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റിൽ ഡേവിഡ് മലനും ജോസ് ബട്ലറും ഒത്തുചേർന്നു. ഇരുവരും 87 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ബട്ലർ 54 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 77 റൺസുമായി പുറത്താകാതെ നിന്നപ്പോൾ മലൻ 32 പന്തിൽ ഏഴു ഫോറിന്റെ സഹായത്തോടെ 42 റൺസ് നേടി. ടോം ബാന്റൺ രണ്ട് റൺസിനും ഇയാൻ മോർഗൻ ഏഴ് റൺസിനും ക്രീസ് വിട്ടു. മോയിൻ അലി ആറു പന്തിൽ 13 റൺസുമായി പുറത്താകാതെ നിന്നു.

Content Highlights: England vs Australia T20 Series Ranking