മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിന്റെ പ്രതിരോധം തകര്‍ത്ത് ആഷസ് കരീടം നിലനിര്‍ത്തി ഓസ്‌ട്രേലിയ. നാലാം ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 185 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ കിരീടം നേടിയത്. 383 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 197 റണ്‍സിന് പുറത്തായി. 

നാല് വിക്കറ്റ് വീഴ്ത്തിയ കമ്മിന്‍സിന് മുന്നില്‍ ഇംഗ്ലണ്ട് തകരുകയായിരുന്നു. 53 റണ്‍സെടുത്ത ജോ ഡെന്‍ലിയാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഹെയ്‌സെല്‍വുഡും ലിയോണും കമ്മിന്‍സിന് പിന്തുണ നല്‍കി. 

അവസാന സെഷനിലേക്ക് മത്സരമെത്തിക്കാന്‍ ജോസ് ബട്‌ലര്‍-ക്രെയ്ഗ് ഓവര്‍ട്ടന്‍ കൂട്ടുകെട്ടിന് സാധിച്ചെങ്കിലും ബട്‌ലറെ പുറത്താക്കി ഹെയ്‌സെല്‍വുഡ് ഓസ്‌ട്രേലിയക്ക് ഏറെ നിര്‍ണായകമായ ബ്രേക്ക് ത്രൂ നല്‍കി. 111 പന്തുകള്‍ നേരിട്ടായിരുന്നു ബട്‌ലറുടെ പ്രതിരോധം. ഒവര്‍ട്ടന്‍ 105 പന്തുകള്‍ നേരിട്ട് 21 റണ്‍സെടുത്തു. 

രണ്ടാമിന്നിങ്സിലെ ആദ്യ ഓവറില്‍ തന്നെ രണ്ട് കരുത്തരെ ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടിരുന്നു. ആദ്യ ഇന്നിങ്സില്‍ ധീരമായ ചെറുത്തുനില്‍പ്പ് നടത്തിയ റോബര്‍ട്ട് ബേണ്‍സും (0) ജോ റൂട്ടും (0) ദയനീയമായി പരാജയപ്പെട്ടു. 

ഒന്നാമിന്നിങ്സില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത് 81 റണ്‍സെടുത്ത ബേണ്‍സും 71 റണ്‍സെടുത്ത റൂട്ടും ചേര്‍ന്നായിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്സിലെ മൂന്നാമത്തെയും നാലാമത്തെയും പന്തുകളില്‍ ഇവരെ മടക്കിയ പാറ്റ് കമ്മിന്‍സാണ് കളിയുടെ കടിഞ്ഞാണ്‍ ഓസ്ട്രേലിയക്ക് തിരിച്ചുനല്‍കിയത്. ബേണ്‍സിനെ ഹെഡ് ക്യാച്ചെടുത്തപ്പഷാള്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ റൂട്ട് ബൗള്‍ഡായി. 

നേരത്തെ ഓസ്ട്രേലിയയുടെ എട്ടിന് 497 റണ്‍സ് ഡിക്ലയേഡ് എന്ന സ്‌കോറിനെതിരേ 196 റണ്‍സ് ലീഡ് വഴങ്ങി 301 റണ്‍സിന് ഒന്നാമിന്നിങ്സില്‍ ഓള്‍ഔട്ടാവുകയായിരുന്നു ഇംഗ്ലണ്ട്. അഞ്ചിന് 200 റണ്‍സ് എന്ന സ്‌കോറില്‍ നാലാം ദിനം കളിയാരംഭിച്ച ആതിഥേയര്‍ക്ക് ക്ഷണത്തില്‍ ശേഷിച്ച വിക്കറ്റുകള്‍ നഷ്ടമായി. 41 റണ്‍സെടുത്ത ജോസ് ബട്ലര്‍ക്കു മാത്രമാണ് ഓസ്ട്രേലിയന്‍ ബൗളിങ്ങിനെ പേരിനെങ്കിലും ചെറുക്കാന്‍ കഴിഞ്ഞത്. ബെയര്‍സ്റ്റോ 17ഉം ആര്‍ച്ചര്‍ ഒന്നും ബ്രോഡ് അഞ്ചും റണ്‍സെടുത്ത് പുറത്തായി. ലീച്ച് നാലു റണ്ണെടുത്ത് പുറത്താകാതെയും നിന്നു.

നാലു വിക്കറ്റെടുത്ത ഹേസല്‍വുഡാണ് ഓസ്ട്രേലിയയുടെ ബൗളിങ് ഹീറോ. പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടിയായി ആറു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്ത് രണ്ടാമിന്നിങ്സ് ഡിക്ലര്‍ ചെയ്യുകയായിരുന്നു ഓസ്ട്രേലിയ.  മൊത്തം 382 റണ്‍സിന്റ ലീഡ്  ഇട്ടുകൊടുക്കുകയായിരുന്നു സന്ദര്‍ശകര്‍.

ഓസ്ട്രേലിയ ഒന്നാമിന്നിങ്സ് എട്ടു വിക്കറ്റിന് 497 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 319 പന്തില്‍ നിന്ന് 211 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയ മികച്ച സ്‌കോറിലെത്തിച്ചത്. വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്കില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. 58 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത് സ്മിത്തുന 26 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത് ലിയോണും ഒന്നാന്തരം ചെറുത്തുനില്‍പ്പാണ് അവസാന വിക്കറ്റില്‍ നടത്തിയത്. 59 റണ്‍സാണ് ഇവര്‍ അവസാന വിക്കറ്റില്‍ നേടിയത്.

Content Highlights: England vs Australia Ashes Test Cricket