മാഞ്ചെസ്റ്റര്‍: നാലാം ടെസ്റ്റ് ജയിച്ച് ആഷസ് ക്രിക്കറ്റ് പരമ്പരയില്‍ ലീഡ് നേടാന്‍ ആതിഥേയരായ ഇംഗ്ലണ്ടിനുവേണ്ടത് 365 റണ്‍സ് കൂടി. ഒരു മുഴവന്‍ ദിവസം ശേഷിക്കുന്നുണ്ടെങ്കിലും എട്ട് വിക്കറ്റ് മാത്രമാണ് കൈയിലുള്ളത്.

രണ്ടാമിന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ രണ്ട് കരുത്തരെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലുമായാണ് ഇംഗ്ലണ്ട് നാലാം ദിനം പവലിയനിലേയ്ക്ക് മടങ്ങിയത്. സ്റ്റമ്പ്‌സ് എടുക്കുമ്പോള്‍ രണ്ട് വിക്കറ്റിന് പതിനെട്ട് റണ്‍സ് എന്ന നിലയിലാണ് അവര്‍. ആദ്യ ഇന്നിങ്‌സില്‍ ധീരമായ ചെറുത്തുനില്‍പ്പ് നടത്തിയ റോബര്‍ട്ട് ബേണ്‍സും (0) ജോ റൂട്ടുമാണ് (0) മടങ്ങിയത് എന്നതാണ് ഇംഗ്ലണ്ടിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഒന്നാമിന്നിങ്‌സില്‍ തുടക്കത്തിലെ ദയനീയമായ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത് 81 റണ്‍സെടുത്ത ബേണ്‍സും 71 റണ്‍സെടുത്ത റൂട്ടും ചേര്‍ന്നായിരുന്നു. രണ്ടാമിന്നിങ്‌സിലെ മൂന്നാമത്തെയും നാലാമത്തെയും പന്തുകളില്‍ ഇവരെ മടക്കിയ പാറ്റ് കമ്മിന്‍സാണ് കളിയുടെ കടിഞ്ഞാണ്‍ ഓസ്‌ട്രേലിയക്ക് തിരിച്ചുനല്‍കിയത്. ബേണ്‍സിനെ ഹെഡ് ക്യാച്ചെടുത്തപ്പഷാള്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ റൂട്ട് ബൗള്‍ഡായി. 10 റണ്‍സെടുത്ത ജോ ഡെന്‍ലിയും എട്ട് റണ്‍സെടുത്ത ജേസണ്‍ റോയുമാണ് ക്രീസില്‍.

നേരത്തെ ഓസ്‌ട്രേലിയയുടെ എട്ടിന് 497 റണ്‍സ് ഡിക്ലയേഡ് എന്ന സ്‌കോറിനെതിരേ 196 റണ്‍സ് ലീഡ് വഴങ്ങി 301 റണ്‍സിന് ഒന്നാമിന്നിങ്‌സില്‍ ഓള്‍ഔട്ടാവുകയായിരുന്നു ഇംഗ്ലണ്ട്. അഞ്ചിന് 200 റണ്‍സ് എന്ന സ്‌കോറില്‍ നാലാം ദിനം കളിയാരംഭിച്ച ആതിഥേയര്‍ക്ക് ക്ഷണത്തില്‍ ശേഷിച്ച വിക്കറ്റുകള്‍ നഷ്ടമായി. 41 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ക്കു മാത്രമാണ് ഓസ്‌ട്രേലിയന്‍ ബൗളിങ്ങിനെ പേരിനെങ്കിലും ചെറുക്കാന്‍ കഴിഞ്ഞത്. ബെയര്‍സ്‌റ്റോ 17ഉം ആര്‍ച്ചര്‍ ഒന്നും ബ്രോഡ് അഞ്ചും റണ്‍സെടുത്ത് പുറത്തായി. ലീച്ച് നാലു റണ്ണെടുത്ത് പുറത്താകാതെയും നിന്നു.

നാലു വിക്കറ്റെടുത്ത ഹേസല്‍വുഡാണ് ഓസ്‌ട്രേലിയയുടെ ബൗളിങ് ഹീറോ. പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടിയായി ആറു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്ത് രണ്ടാമിന്നിങ്‌സ് ഡിക്ലര്‍ ചെയ്യുകയായിരുന്നു ഓസ്‌ട്രേലിയ.  മൊത്തം 382 റണ്‍സിന്റ ലീഡ് ലീഡ് ഇട്ടുകൊടുക്കുകയായിരുന്നു സന്ദര്‍ശകര്‍.

ഓസ്‌ട്രേലിയ ഒന്നാമിന്നിങ്‌സ് എട്ടു വിക്കറ്റിന് 497 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 319 പന്തില്‍ നിന്ന് 211 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയ മികച്ച സ്‌കോറിലെത്തിച്ചത്. വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്കില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. 58 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത് സ്മിത്തുന 26 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത് ലിയോണും ഒന്നാന്തരം ചെറുത്തുനില്‍പ്പാണ് അവസാന വിക്കറ്റില്‍ നടത്തിയത്. 59 റണ്‍സാണ് ഇവര്‍ അവസാന വിക്കറ്റില്‍ നേടിയത്.

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ടട് ബ്രോഡ് മൂന്നു വിക്കറ്റെടുത്തു. ജാക്ക് ലീച്ചും ക്രെയ്ഗ് ഒവര്‍ട്ടനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: England vs Australia Ashes Test Cricket