ലീഡ്സ്: ആഷസ് മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. നാലാം ദിനത്തിലെ ആദ്യ സെഷന്‍ പുരോഗമിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്.

നിലയുറപ്പിച്ചിരുന്ന ക്യാപ്റ്റന്‍ ജോ റൂട്ടിനെ പുറത്താക്കാന്‍ സാധിച്ചതാണ് ഓസീസിന് തുണയായത്. 205 പന്തുകള്‍ നേരിട്ട് 77 റണ്‍സെടുത്ത റൂട്ടിനെ നേഥന്‍ ലയണിന്റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ സ്ലിപ്പില്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

32 റണ്‍സുമായി ബെന്‍ സ്റ്റോക്ക്‌സും 34 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍. ആറു വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് ഇനിയും 121 റണ്‍സ് കൂടി വേണം. 

മൂന്നാം ദിനം 15 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ റൂട്ടും ജോ ഡെന്‍ലിയും ചേര്‍ന്നാണ് ഭേദപ്പെട്ടനിലയിലെത്തിച്ചത്. 155 പന്തുകള്‍ നേരിട്ട് 50 റണ്‍സെടുത്ത ഡെന്‍ലിയെ ജോഷ് ഹേസല്‍വുഡ് പുറത്താക്കുകയായിരുന്നു. റോറി ബേണ്‍സ് (7), ജേസണ്‍ റോയ് (8) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയപ്പോള്‍ മൂന്നാം വിക്കറ്റില്‍ റൂട്ട് - ഡെന്‍ലി സഖ്യം 126 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ 112 റണ്‍സ് ലീഡുമായി രണ്ടാമിന്നിങ്സിനിറങ്ങിയ ഓസീസ് 246 റണ്‍സിന് പുറത്തായിരുന്നു. 187 പന്തുകള്‍ നേരിട്ട് 80 റണ്‍സെടുത്ത മാര്‍നസ് ലാബുഷെയ്‌നാണ് ഓസീസ് ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ലാബുഷെയ്ന്‍ ഒമ്പതാമനായാണ് പുറത്തായത്. ആദ്യ ഇന്നിങ്‌സിലും ലാബുഷെയ്ന്‍ അര്‍ധ സെഞ്ചുറി (74) നേടിയിരുന്നു.

മാര്‍ക്കസ് ഹാരിസ് (19),ഡേവിഡ് വാര്‍ണര്‍ (0), ഉസ്മാന്‍ ഖവാജ (23), ട്രാവിസ് ഹെഡ് (25), മാത്യു വെയ്ഡ്(33), ടിം പെയ്ന്‍ (0) എന്നിങ്ങനെയാണ് ഓസീസ് മുന്നേറ്റനിരക്കാരുടെ സ്‌കോറുകള്‍. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്ക്‌സ് മൂന്നു വിക്കറ്റ് വീഴ്ത്തി. സ്റ്റുവര്‍ട്ട് ബ്രോഡും ആര്‍ച്ചറും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആര്‍ച്ചറുടെ വേഗത്തിന് ജോഷ് ഹേസല്‍വുഡിന്റെ കൃത്യതകൊണ്ട് ഓസ്‌ട്രേലിയ മറുപടി പറയുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 67 റണ്‍സിന് പുറത്തായി. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയയ്ക്കെതിരേ 1948-നുശേഷം നേടുന്ന കുറഞ്ഞ സ്‌കോറും ഹെഡിങ്‌ലിയില്‍ ടീമിന്റെ കുറഞ്ഞ സ്‌കോറുമാണിത്. സ്‌കോര്‍: ഓസ്‌ട്രേലിയ 179, ആറു വിക്കറ്റിന് 171. ഇംഗ്ലണ്ട് 67 റണ്‍സിന് പുറത്ത്. 

ഓസ്‌ട്രേലിയയുടെ ബൗളിങ് തുടങ്ങിയ പാറ്റ് കമ്മിന്‍സ്-ജോഷ് ഹേസല്‍വുഡ് സഖ്യം ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. ഇംഗ്ലണ്ടിന്റെ ജോ ഡെന്‍ലി മാത്രമാണ് രണ്ടക്കം കടന്നത്. ഹേസല്‍വുഡ് അഞ്ചുവിക്കറ്റും കമ്മിന്‍സ് മൂന്നുവിക്കറ്റും പാറ്റിന്‍സണ്‍ രണ്ടുവിക്കറ്റുമെടുത്തു.

ആഷസിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. 251 റണ്‍സിനായിരുന്നു ഓസീസിന്റെ വിജയം. രണ്ടാം ടെസ്റ്റ് സമനിലയിലായി.

Content Highlights: England vs Australia, 3rd Ashes Test, day 4