ലണ്ടന്‍: 16 വര്‍ഷത്തിനുശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ്  പാക്കിസ്താന്‍ മണ്ണിലെത്തുന്നു. 2021 ഒക്ടോബറില്‍ ഇംഗ്ലണ്ട് പാക്കിസ്താനില്‍ വെച്ച് ട്വന്റി 20 പരമ്പരയില്‍ പങ്കെടുക്കും. രണ്ട് മത്സരങ്ങളടങ്ങുന്നതാണ് പരമ്പര.

ഒക്ടോബര്‍ 14, 15 തീയതികളിലായി കറാച്ചിയില്‍ വെച്ചാണ് മത്സരം നടക്കുക. ഇന്ത്യയില്‍ വെച്ചുനടക്കുന്ന 2021 ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് പരമ്പര നടത്തുന്നത്.

2021 ജനുവരിയില്‍ പര്യടനത്തിനായി ഇംഗ്ലണ്ടിനെ പാക്കിസ്താന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ മുന്‍നിര താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കാത്തതിനാല്‍ തീയതി മാറ്റുകയായിരുന്നു. ഈ പര്യടനത്തിനുശേഷം ഓസ്‌ട്രേലിയയും പാകിസ്താനിലെത്തിയേക്കും. 

2005-ലാണ് ഇംഗ്ലണ്ട് അവസാനമായി പാകിസ്താനിലെത്തിയത്. അന്ന് മൈക്കിള്‍ വോണിന്റെ നേതൃത്വത്തില്‍ ടീം മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ചു. പിന്നീട 2009-ല്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് നേരെ ഭീകരാക്രമണമുണ്ടായതിനെത്തുടര്‍ന്നാണ് വര്‍ഷങ്ങളോളം പാകിസ്താനിലേക്ക് മറ്റു രാജ്യങ്ങള്‍ കളിക്കാനെത്താഞ്ഞത്.  


Content Highlights: England to tour Pakistan for first time since 2009 attack