ലണ്ടന്‍: വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് സീരീസിലും ഇംഗ്ലണ്ടിന്റെ ബൗളിങ് കുന്തമുനയായ ജോഫ്ര ആര്‍ച്ചര്‍ കളിക്കില്ല. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.

കൈമുട്ടിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് ആര്‍ച്ചറെ ടീമില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ താരം വിശ്രമത്തിലാണ്. താരത്തിനേ ഏകദേശം ഒരു വര്‍ഷത്തോളം ക്രിക്കറ്റ് മത്സരങ്ങള്‍ നഷ്ടമാകും. 

ഇപ്പോള്‍ നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലും ആര്‍ച്ചര്‍ കളിക്കുന്നില്ല. 2019 ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് ആര്‍ച്ചറുടെ അഭാവം വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. 

താരത്തിന് കരിയര്‍ തന്നെ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. പരിക്ക് വകവെയ്ക്കാതെ പല മത്സരങ്ങളിലും ആര്‍ച്ചര്‍ കളിച്ചതും തിരിച്ചടിയായി

ഇംഗ്ലണ്ടിന് വേണ്ടി 13 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 42 വിക്കറ്റുകളും 17 ഏകദിനങ്ങളില്‍ നിന്നും 30 വിക്കറ്റുകളും 12 ട്വന്റി ട്വന്റി മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളും ആര്‍ച്ചര്‍ വീഴ്ത്തിയിട്ടുണ്ട്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ആര്‍ച്ചര്‍.

Content Highlights: England's Jofra Archer out of T20 World Cup and Ashes