ലണ്ടന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ കിരീടവിജയത്തില്‍ പ്രധാന പങ്കുവഹിച്ച പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ ആദ്യമായി ടെസ്റ്റ് ടീമില്‍ ഇടം നേടി. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ ആഷസ് പരമ്പര 24-കാരന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന് വേദിയാകും. 

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനുവേണ്ടി സൂപ്പര്‍ ഓവര്‍ ബൗള്‍ ചെയ്തത് ആര്‍ച്ചര്‍ ആയിരുന്നു. ലോകകപ്പിനു തൊട്ടുമുമ്പാണ് ആര്‍ച്ചര്‍ ഏകദിന ടീമില്‍ അരങ്ങേറ്റം കുറിച്ചത്. 14 ഏകദിനങ്ങളില്‍ 23 വിക്കറ്റ് നേടി. ലോകകപ്പില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നതോടെ ടെസ്റ്റ് ടീമിലേക്കും വഴിതുറന്നു.

ഓസ്ട്രേലിയ- ഇംഗ്ലണ്ട് ആഷസ് ടെസ്റ്റ് ഓഗസ്റ്റ് ഒന്നിന് ബര്‍മിങ്ങാമില്‍ തുടങ്ങും. 14 അംഗ ഇംഗ്ലണ്ട് ടീമിനെ ജോ റൂട്ട് നയിക്കും. ബെന്‍ സ്റ്റോക്‌സാണ് വൈസ് ക്യാപ്റ്റന്‍. 

ടീം: ജോ റൂട്ട്, മോയിന്‍ അലി, ജയിംസ് ആന്‍ഡേഴ്സന്‍, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍‌സ്റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്ലര്‍, സാം കറന്‍, ജോ ഡെന്‍ലി, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്‌സ്, ഒലി സ്റ്റോണ്‍, ക്രിസ് വോക്‌സ്.

Content Highlights: England pick Jofra Archer for first Ashes Test