Photo: AFP
ലണ്ടന്‍: വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകള്‍ പുറത്തുവന്നതിനു പിന്നാലെ പേസര്‍ ഒല്ലി റോബിന്‍സണെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്.
ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച താരമാണ് റോബിന്‍സണ്‍. മത്സരത്തില്‍ രണ്ട് ഇന്നിങ്സിലുമായി ഏഴു വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.
അരങ്ങേറ്റ ദിനത്തിലെ മത്സരം അവസാനിച്ചതിനു പിന്നാലെയാണ് എട്ടു വര്‍ഷം മുമ്പ് താരം പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ വൈറലായത്.
അച്ചടക്ക നടപടിയുടെ ഭാഗമായിട്ടുള്ള അന്വേഷണം നടക്കുന്നതിനാലാണ് താരത്തെ സസ്പെന്‍ഡ് ചെയ്യുന്നതെന്ന് ഇ.സി.ബി അറിയിച്ചു. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് റോബിന്‍സണ്‍ ഉണ്ടാകില്ലെന്നും ഇ.സി.ബി വ്യക്തമാക്കി.
2012-2013 കാലത്ത് പങ്കുവെച്ച ട്വീറ്റുകളാണ് ഇപ്പോള്‍ റോബിന്‍സണെ വെട്ടിലാക്കിയിരിക്കുന്നത്. ട്വീറ്റുകള്‍ പുറത്തുവന്നതിനു പിന്നാലെ തനിക്ക് പക്വതയില്ലാത്ത സമയത്തുള്ള ട്വീറ്റുകളാണിതെന്ന് പറഞ്ഞ താരം മാപ്പ് ചോദിച്ചിരുന്നു. താനൊരിക്കലും വംശവെറിയനോ ലൈംഗികച്ചുവയോടെ സംസാരിക്കുന്നയാളോ അല്ലെന്നും റോബിന്‍സണ്‍ പറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാത്രമാണ് താരത്തിന് വിലക്ക്. കൗണ്ടിയില്‍ കളി തുടരാം. അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ റിപ്പോര്‍ട്ട് വന്ന ശേഷമേ കൂടുതല്‍ നടപടികള്‍ ഉണ്ടാകൂ.
Content Highlights: England pacer Ollie Robinson suspended by ECB on controversial old tweets
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..