ലണ്ടന്‍: ഇംഗ്ലണ്ടിന്റെ പേസ് ബൗളറായ ജോഫ്ര ആര്‍ച്ചര്‍ക്ക് വരാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായേക്കും. കൈമുട്ടിനേറ്റ പരിക്ക് ഭേദമാവാനായി താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകും.

വലത്തേ കൈമുട്ടിനാണ് താരത്തിന് പരിക്കേറ്റത്. ഇന്ത്യയ്‌ക്കെതിരേ ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അതിനുമുന്‍പ് നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ആര്‍ച്ചര്‍ നേരത്തേ പുറത്തായിരുന്നു.

26 കാരനായ ആര്‍ച്ചര്‍ ഇത് രണ്ടാം തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. അതിനുശേഷം കൗണ്ടി ക്രിക്കറ്റില്‍ സസക്‌സിനായി കളിച്ചെങ്കിലും പരിക്ക് വില്ലനായി. 

ഇന്ത്യയെക്കൂടാതെ ഇംഗ്ലണ്ട് വരും മാസങ്ങളില്‍ പാകിസ്താന്‍, ശ്രീലങ്ക എന്നീ ടീമുകളെയും നേരിടുന്നുണ്ട്. ഈ പരമ്പരകളും ആര്‍ച്ചര്‍ക്ക് നഷ്ടമായേക്കും. 

Content Highlights: England pacer Jofra Archer to undergo elbow surgery on Friday, looks doubtful for India Test series