ലണ്ടന്‍: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ അമ്പയറോട് മോശമായി പെരുമാറിയതിന് ഇംഗ്ലണ്ട് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന് പിഴശിക്ഷ. ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയും കയര്‍ത്ത് സംസാരിക്കുകയും ചെയ്തതിനാണ് നടപടി.
ഐ.സി.സി പെരുമാറ്റച്ചട്ട പ്രകാരം 2.1.5 വകുപ്പിന്റെ ലംഘനമാണ് ആന്‍ഡേഴ്‌സന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഐ.സി.സി ചട്ടപ്രകാരം ലെവല്‍ ഒന്നില്‍ പെടുന്ന കുറ്റമായതിനാല്‍ മാച്ച് ഫീസിന്റെ 15 ശതമാനം ആന്‍ഡേഴ്‌സന്‍ പിഴയായി നല്‍കണം. പിഴ കൂടാതെ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിനെതിരേ ചേര്‍ത്തിട്ടുണ്ട്. 2016-ല്‍ പുതുക്കിയ നിയമാവലി വന്ന ശേഷം താരത്തിനെതിരെയുള്ള ആദ്യ നടപടിയാണ് ഇത്.
ഐ.സി.സിയുടെ എലൈറ്റ് പാനലിലുള്ള മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റാണ് ആന്‍ഡേഴ്‌സനെതിരെ നടപടിയെടുത്തത്. ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിവസത്തിനിടെയായിരുന്നു സംഭവം. 29-ാം ഓവറില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരെയുള്ള എല്‍.ബി.ഡബ്ല്യു അപ്പീല്‍ നിരസിച്ച അമ്പയര്‍ കുമാര്‍ ധര്‍മ്മസേനയുടെ കൈയ്യില്‍ നിന്ന് തൊപ്പി തട്ടിപ്പറിച്ച് വാങ്ങിയ ആന്‍ഡേഴ്‌സന്‍ അദ്ദേഹത്തോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.
ആന്‍ഡി പൈക്രോഫ്റ്റിനു മുന്നില്‍ തനിക്കെതിരെ ചുമത്തിയ കുറ്റവും ശിക്ഷയും ആന്‍ഡേഴ്‌സണ്‍ അംഗീകരിച്ചതിനാല്‍ പ്രത്യേക ഹിയറിംഗിന്റെ ആവശ്യം ഇക്കാര്യത്തില്‍ വേണ്ടി വന്നില്ല.
Content Highlights: england pacer james anderson fined for showing dissent