തിരുവനന്തപുരം: ഹാമില്‍ട്ടനില്‍ സീനിയര്‍ ടീം തകര്‍ന്നടിഞ്ഞപ്പോള്‍ നാട്ടില്‍ എ ടീമിനും അതേ അവസ്ഥ. തുടര്‍ച്ചയായ നാലു വിജയങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ എ ടീം ഇംഗ്ലണ്ട് ലയണ്‍സിനോട് തോറ്റു.

122 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലയണ്‍സ് ഒരു വിക്കറ്റ് ജയത്തോടെയാണ് പരമ്പരയില്‍ ആശ്വാസ ജയം കണ്ടെത്തിയത്. അതേസമയം അവസാനം വരെ പൊരുതി നിന്ന ശേഷമാണ് ഇന്ത്യന്‍ ടീം കീഴടങ്ങിയത്. 30.3 ഓവറിലാണ് ലയണ്‍സ് വിജയം കണ്ടത്.  

അഞ്ച് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ ഇതോടെ 4-1ന് സ്വന്തമാക്കി. 70 റണ്‍സോടെ പുറത്താകാതെ നിന്ന ബെന്‍ ഡക്കറ്റാണ് വിജയം ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്തത്. ഇതോടെ അഞ്ചു മത്സര പരമ്പര തൂത്തുവാരാമെന്ന ഇന്ത്യന്‍ മോഹത്തിന് തിരിച്ചടി നേരിട്ടു.

england lions beat india a in last odi

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 35 ഓവറില്‍ 121 റണ്‍സിന് പുറത്താകുകയായിരുന്നു. 36 റണ്‍സെടുത്ത സിദ്ദേഷ് ലാഡ് ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍(23), ദീപക് ചാഹര്‍ (21) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റു രണ്ടു പേര്‍. 

ഇന്ത്യന്‍ താരം ലോകേഷ് രാഹുല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ഏഴ്‌ ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജാമി ഓവര്‍ടണാണ് ഇന്ത്യയെ തകര്‍ത്തത്. ടോം ബെയ്ലി രണ്ടും ലൂയിസ് ഗ്രിഗറി, മാത്യു കാര്‍ട്ടര്‍, സ്റ്റീവന്‍ മുല്ലാനി എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. 

england lions beat india a in last odi

ഒരുഘട്ടത്തില്‍ ഏഴിന് 72 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ നൂറു കടത്തിയത് അക്‌സര്‍ പട്ടേലും ദീപക് ചാഹറും ചേര്‍ന്നാണ്. മറുപടി ബാറ്റിങ്ങില്‍ ലയണ്‍സിനെ തകര്‍ത്തതും ഇരുവരും തന്നെ. ദീപക് ചാഹര്‍ മൂന്നും അക്‌സര്‍ പട്ടേല്‍ രണ്ടു വിക്കറ്റും നേടി. രാഹുല്‍ ചാഹറും മൂന്നു വിക്കറ്റെടുത്തു. 70 റണ്‍സെടുത്ത ഡക്കറ്റിന് പുറമെ 12 റണ്‍സെടുത്ത സാം ഹെയിന്‍ മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടന്നത്.

Content Highlights: england lions beat india a in last odi