ലണ്ടൻ: വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 13 അംഗ സംഘത്തെ ബെൻ സ്റ്റോക്ക്സ് നയിക്കും. ഇംഗ്ലണ്ടിന്റെ 81-ാം ടെസ്റ്റ് ക്യാപ്റ്റനും ആൻഡ്രു ഫ്ളിന്റോഫിന് ശേഷം ക്യാപ്റ്റനാകുന്ന ആദ്യ ഓൾറൗണ്ടറുമാണ് സ്റ്റോക്ക്സ്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ജോ റൂട്ട് അവധി എടുത്തതോടെയാണ് സ്റ്റോക്ക്സിന് ക്യാപ്റ്റന്റെ നറുക്ക് വീണത്. ബുധനാഴ്ച്ച സതാംപ്റ്റണിലാണ് ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുന്നത്.

13 അംഗ സംഘത്തിലെ ഇടം നേടിയ ഏക സ്പിന്നർ ഡോം ബെസ് ആണ്. ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഡോം ബെസ് അഞ്ചു വിക്കറ്റ് വീഴ്ത്തിയിരുന്നു. നാല് ടെസ്റ്റിൽ നിന്ന് 29.72 ശരാശരിയിൽ 11 വിക്കറ്റാണ് ഡോം ബെസിന്റെ സമ്പാദ്യം. ജാക്ക് ലീച്ചിനേയും മോയിൻ അലിയേയും മറികടന്നാണ് ഓഫ് സ്പിന്നറായ ഡോം ബെസ് ടീമിൽ ഇടം നേടിയത്.

ഇംഗ്ലണ്ട് ടീമിന്റെ സെൻട്രൽ കോൺട്രാക്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് മോയിൻ അലി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ജാക്ക് ലീച്ച് റിസർവ് ടീമിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബെയർസ്റ്റോവിന് റിസർവ് ടീമിൽ പോലും ഇടം കണ്ടെത്താനായില്ല. ജോസ് ബട്ലറാണ് വിക്കറ്റ് കീപ്പർ. 13 അംഗ സംഘത്തിനൊപ്പം ഒമ്പത് റിസർവ് താരങ്ങളുടെ പട്ടികയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്ക്സ് (ക്യാപ്റ്റൻ), ജെയിംസ് ആൻഡേഴ്സൺ, ജോഫ്ര ആർച്ചർ, ഡൊമിനിക് ബെസ്, സ്റ്റുവർട്ട് ബ്രോഡ്. റോറി ബേൺസ്, ജോസ് ബട്ലർ, സാക് ക്ര്ാവ്ലി, ജോ ഡെൻലി, ഒലി പോപ്, ഡോം സിബ്ലി, ക്രിസ് വോക്സ്, മാർക്ക് വുഡ്.

റിസർവ് ടീം: ജെയിംസ് ബ്രാസി, സാം കറൻ, ബെൻ ഫോക്സ്, ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, സഖിബ് മഹ്മൂദ്, ക്രെയ്ഗ് ഓവർടൺ, ഒലീ റോബിൻസൺ, ഒലി സ്റ്റോൺ