ലണ്ടന്‍: ഏഷ്യ കപ്പിലെ മോശം പ്രകടനത്തിന് ശേഷം പാകിസ്താന്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഫൈനലാണ് ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സൂപ്പര്‍ ഫോറില്‍ തന്നെ പാകിസ്താന്‍ പുറത്തായി. ബംഗ്ലാദേശ് ഫൈനലിലെത്തുകയും ചെയ്തു. ഇതിന് പിന്നാലെ പാകിസ്താനെ പരിഹസിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും രംഗത്തുവന്നു. ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഔദ്യോഗിക പേജിലാണ് പാകിസ്താനെ ട്രോളി പോസ്റ്റ് വന്നത്.
അടുത്ത വര്‍ഷം പാകിസ്താന്‍ ഇംഗ്ലണ്ട് പര്യടനം നടത്തുന്നുണ്ട്. അഞ്ച് ഏകദിനങ്ങളും ഒരു ടിട്വന്റിയുമുള്ള പരമ്പര മെയ് അഞ്ച് മുതല്‍ 19 വരെയാണ് നടക്കുക. പരമ്പയുടെ ടിക്കറ്റുകളുടെ വില്‍പ്പന ഈ മാസം പത്ത് മുതല്‍ തുടങ്ങും. ഈ ടിക്കറ്റ് വില്‍പ്പനയുടെ ഭാഗമായാണ് ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ എഫ്ബി പേജ് പാകിസ്താനെ പരിഹസിച്ചത്.
ട്രെന്‍ഡ് ബ്രിഡ്ജില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് നേടിയ റെക്കോഡ് സ്‌കോറായ 481 റണ്‍സിന്റെ വീഡിയോ പങ്കുവെച്ചാണ് പാകിസ്താനെതിരായ ട്രോള്‍. ഒപ്പം ഒരു കുറിപ്പുമുണ്ട്. ' ഏകദിനത്തില്‍ നമ്മള്‍ 500 റണ്‍സടിക്കുമോ? പാകിസ്താനെതിരായ ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ഒക്ടോബര്‍ പത്തിന് ആരംഭിക്കും' ഇതായിരുന്നു വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പ്.
ഇതേ ഗ്രൗണ്ടില്‍ മറ്റൊരു ഏകദിനത്തില്‍ പാകിസ്താനെതിരേ ആതിഥേയര്‍ 444 റണ്‍സ് നേടിയിരുന്നു. ആ റെക്കോഡ് മറികടന്ന് 500 റണ്‍സ് അടിക്കുമോ എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ചോദ്യം.
Content Highlights: England Cricket’s Facebook page trolls Pakistan team in a hilarious way